
തിരുവല്ല: കോടികൾ ചെലവഴിച്ച് പുനരുദ്ധരിച്ച കോലറയാറിൽ വീണ്ടും മാലിന്യം നിറഞ്ഞു. കാക്കപ്പോളയും മാലിന്യങ്ങളും തിങ്ങിനിറഞ്ഞ വെള്ളം കറുത്തുകുറുകിയ നിലയിലാണ്. ദുർഗന്ധവുമുണ്ട്. കൊടുംചൂടിൽ നീരൊഴുക്ക് നിലച്ചതിനാൽ പലയിടവും വരണ്ടു. കൊതുക് ശല്യം രൂക്ഷമാണ്. മത്സ്യസമ്പത്തും നശിച്ചു. ജില്ലയിലെ ഏറ്റവുംവലിയ പാടശേഖരങ്ങളിൽ ഒന്നായ നിരണത്തുതടം ഉൾപ്പെടെയുള്ള മേഖലയിലെ ഹെക്ടർ കണക്കിന് പാടങ്ങളിലേക്ക് നെൽകൃഷിക്ക് വെള്ളം എത്തിക്കാനുള്ള പ്രധാനമാർഗം കോലറയാറാണ്. ഒഴുക്ക് നിലച്ചതോടെ പാടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട കൈത്തോടുകളും നാശത്തിലേക്ക് നീങ്ങുകയാണ്. ഇതോടെ കർഷകരും ബുദ്ധിമുട്ടിലായി. പതിറ്റാണ്ടുകൾക്ക് മുമ്പ് 25മീറ്ററോളം വീതിയിൽ ഒഴുകിയിരുന്ന കോലറയാറിലൂടെ കടപ്ര,നിരണം ഭാഗങ്ങളിൽ നിന്ന് കെട്ടുവള്ളങ്ങളിൽ കാർഷികോൽപ്പന്നങ്ങൾ ആലപ്പുഴയിൽ എത്തിച്ചിരുന്നു. പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്ക് കരിമ്പും മറ്റും എത്തിക്കാനും കോലറയാറിനെ ആശ്രയിച്ചിരുന്നു. ആഴമുള്ള തോട്ടിലൂടെ ബോട്ട് സർവീസും നടന്നിരുന്നതായി പഴമക്കാർ പറയുന്നു. കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കുമെല്ലാം മുമ്പ് പ്രദേശവാസികൾ ആശ്രയിച്ചിരുന്ന തോടാണിത്. എന്നാൽ വ്യാപകമായ കൈയേറ്റം നീരുറവകളെ നശിപ്പിച്ചു. ആറിന് കുറുകെ അശാസ്ത്രീയമായ നിർമ്മാണങ്ങളും ഉണ്ടായി. സംരക്ഷണം ഇല്ലാത്തതും കൈയേറ്റവുംമൂലം വീതി 10 മീറ്ററായി കുറഞ്ഞ് ഒഴുക്ക് നിലച്ചു.
പമ്പാനദിയുടെ കൈവഴിയായി കടപ്ര അറയ്ക്കമുരുപ്പിൽ നിന്ന് തുടങ്ങി പുരയ്ക്കൽപടിയിൽ രണ്ടായി പിരിഞ്ഞ് ഒരു കൈവഴി അരീത്തോട്ടിലും മറ്റൊന്ന് തേവേരിയിൽ എത്തി വീണ്ടും പമ്പാനദിയിൽ എത്തിച്ചേരുന്നതാണ് കോലറയാറ്. കടപ്ര-നിരണം പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.
ഒഴുകി മറഞ്ഞത് നാലരക്കോടി
അഞ്ചുവർഷം മുമ്പ് മാലിന്യം നിറഞ്ഞ് നാശാവസ്ഥയിലായ കോലറയാറ് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത് നാലുകോടിരൂപയാണ്. ജനകീയ പങ്കാളിത്തത്തോടെ അരക്കോടിയും സ്വരൂപിച്ചു. പോളയും പായലും മാലിന്യങ്ങളും നീക്കംചെയ്ത് ആഴംകൂട്ടി നവീകരിച്ചു. അശാസ്ത്രീയമായി നിർമ്മിച്ച ആലാത്ത്കടവ് പാലം പൊളിച്ചുനീക്കി ഇവിടെ പുതിയ പാലവും നിർമ്മിച്ചു. കോലറയാറ് പുനരുജ്ജീവനത്തിന് പിന്നാലെ ചെറിയ വള്ളങ്ങളെ പങ്കെടുപ്പിച്ച് ജനകീയക്കൂട്ടായ്മയിൽ വള്ളംകളി മത്സരവും നടത്തി. ഈ ജലാശയമാണ് സംരക്ഷണമില്ലാതെ വീണ്ടും നാശത്തിന്റെ പാതയിലായത്.
-----------------
പമ്പയുടെ കൈവഴി
!. ഒരു കാലത്ത് 25മീറ്ററോളം വീതിയിലാണ് നദി ഒഴുകിയുരുന്നത്. അന്ന് കടപ്ര,നിരണം ഭാഗങ്ങളിൽ നിന്ന് കെട്ടുവള്ളങ്ങളിൽ ഇതുവഴി കാർഷികോൽപ്പന്നങ്ങൾ ആലപ്പുഴയിൽ എത്തിച്ചിരുന്നു. ബോട്ട് സർവീസും ഉണ്ടായിരുന്നു
2. കോലറയാറ് പുനരുജ്ജീവനത്തിന് പിന്നാലെ ജനകീയക്കൂട്ടായ്മയിൽ ഇവിടെ നടത്തിയ വള്ളംകളി മത്സരം ശ്രദ്ധേയമായിരുന്നു. ഈ ജലാശയമാണ് സംരക്ഷണമില്ലാതെ വീണ്ടും നാശത്തിന്റെ പാതയിലായത്.
നീളം: 12 കിലോമീറ്റർ
-------------
കോലറയാർ ശുചീകരിക്കാൻ പദ്ധതി തയ്യാറാക്കും. ഇക്കാര്യത്തിൽ പഞ്ചായത്ത് കമ്മിറ്റി ആലോചിച്ച് തീരുമാനിക്കും.
എം.ജി രവി
നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
----------------
കോലറയാറിന്റെ ശുചീകരണം സാദ്ധ്യമാക്കാൻ അടിയന്തര ഇടപെടൽ വേണം. ഇതിനായി കോലറയാർ സംരക്ഷണസമിതിയുടെ യോഗം വിളിച്ചുകൂട്ടി തീരുമാനിക്കും.
പീതാംബരദാസ്
കോലറയാറ് സംരക്ഷണസമിതി