കോന്നി: ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തേക്കുതോട് മൂർത്തിമണ്ണിൽ കാട്ടാനയെ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. നാല്പത് വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇരുപത് ദിവസത്തിലേറെയായി കാട്ടാന വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ആനയുടെ പിൻഭാഗത്ത് മറ്റൊരു കൊമ്പനാനയുടെ ആക്രമണത്തിൽ സാരമായി മുറിവേറ്റിരുന്നു. ഈ മുറിവിൽ ഉണ്ടായ അണുബാധയാണ് ആന ചരിയാൻ ഇടയായതെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തേക്കുതോട് മൂർത്തിമണ്ണിലെ ജനവാസമേഖലയിൽ നാശം വിതച്ച് വരുകയായിരുന്നു ആന. പ്രദേശത്തെ വീടിന്റെ അടുക്കള ഭാഗവും കൃഷികളും കാട്ടാന നശിപ്പിച്ചിരുന്നു. ആനയ്ക്ക് മുറിവേറ്റിട്ടുണ്ടെന്ന് വനം വകുപ്പ് കണ്ടെത്തിയതോടെ കൈതച്ചക്കയിൽ മരുന്ന് കുത്തിവെച്ച് നൽകി രക്ഷപെടുത്താൻ വനപാലകർ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് വെറ്ററിനറി സർജൻമാരായ ഡോ.ശ്യാം ചന്ദ്രൻ, ഡോ.അനുമോദ്, ഡോ.വിജി വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം നടപടികൾക്ക് നേതൃത്വം നൽകി.