ഉള്ളന്നൂർ: ഉള്ളന്നൂർ 368-ാം എസ്. എൻ. ഡി. പി. ശാഖാ ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണ ശ്രമം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ അടിയന്തരമായി പിടികൂടണമെന്ന് പന്തളം എസ്. എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് ആവശ്യപ്പെട്ടു. പ്രദേശത്ത് മറ്റ് ചില കടകളിലും വീടുകളിലും മോഷണ ശ്രമം ഉണ്ടായി. ഗുരുമന്ദിരത്തിൽ കടന്ന് കയറി മോഷണം നടത്തിയ പ്രവർത്തിയെ ശാഖാകമ്മിറ്റി ശക്തിയായി അപലപിച്ചു. വാർഡ് മെമ്പർ ബി.ഹരികുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.അനിഷ് മോൻ, സെക്രട്ടറി ബിന്ദുകുമാർ, സലീം ബി. പണിക്കർ, എം.കെ.തങ്കച്ചൻ, കെ.എൻ. വിക്രമൻ, എസ്.സുരേശൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ച് തുടർ നടപടികൾക്ക് നേതൃത്വം നൽകി. പൊലീസ് സ്ഥലത്തെത്തി സി. സി. ടി. വി. പരിശോധിച്ചു.