
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഹരിത സ്ഥാപനങ്ങളെ കണ്ടെത്തി ഗ്രേഡ് നൽകുന്ന പ്രവർത്തനം തുടരുന്നു. കഴിഞ്ഞ മാസം വരെ നടത്തിയ പരിശോധനയിൽ 687സ്ഥാപനങ്ങൾ ഹരിതചട്ടം പാലിച്ചു പ്രവർത്തിക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ ഘടക സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങി ജില്ലയിലെ 1178 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. എ പ്ലസ്, എ ഗ്രേഡുകൾ ലഭിച്ച സ്ഥാപനങ്ങൾക്കാണ് ഹരിത കേരളം മിഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കില തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സ്ഥാപനങ്ങളിൽ പരിശോധനയും വിലയിരുത്തലും നടന്നു വരുന്നത്.
# ഹരിത സ്ഥാപന ഗ്രേഡിംഗ് ലഭിച്ചത് 687 സ്ഥാപനങ്ങൾക്ക്
# എ പ്ലസ് 152
# എ ഗ്രേഡ് 535.
# കണ്ടെത്തൽ ഇങ്ങനെ
ഹരിത പെരുമാറ്റച്ചട്ടം പാലിക്കൽ, ശുചിത്വം, ഇ മാലിന്യം കൈകാര്യം ചെയ്യൽ, ഖരദ്രവ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ മേഖലകളിലെ ഇടപെടലുകളും നേട്ടങ്ങളും പരിഗണിച്ചാണ് സ്ഥാപനങ്ങളെ കണ്ടെത്തിയത്.
'' ജില്ലയിലെ എല്ലാ സ്ഥാപനങ്ങളെയും ഹരിതസ്ഥാപനങ്ങളാക്കി മാറ്റി അംഗീകാരം നൽകുന്നതിനാണ് ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളിലെ പരിശോധനയും പുനഃസന്ദർശനവും നടന്നു വരുന്നു. അടുത്ത ഘട്ടമായി സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലുൾപ്പെടെ വിലയിരുത്തൽ നടത്തി ഹരിതസ്ഥാപന ഗ്രേഡിംഗ് നടപ്പാക്കും.
ജീ അനിൽ കുമാർ, ജില്ലാ കോ ഓർഡിനേറ്റർ
ഹരിത കേരളം മിഷൻ