12-village-office-manoj
മനോജ്

അടൂർ: വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടമ്പനാട് വില്ലേജ് ഓഫീസർ അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10നാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശൂരനാട് നടുവിലെ മുറി ഗവ.എൽ.പി.സ്‌കൂളിലെ അദ്ധ്യാപികയായ ഭാര്യ സുധീന സ്‌കൂളിൽ പോയ സമയത്താണ് സംഭവം. ഭാര്യയെ കൂടാതെ മകൾ അമേയ ,​ ഭാര്യാപിതാവ്,സഹോദരി എന്നിവർക്കൊപ്പമായിരുന്നു മനോജ് താമസിച്ചിരുന്നത്. രാവിലെ 8.30ന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണ് . ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ മനോജിനെ കണ്ടെത്തിയത്.തന്റെ മരണത്തിൽ ആർക്കും ഒരു ഉത്തരവാദിത്വമില്ലെന്നും പണം നൽകാനുള്ള ഒരാൾക്ക് ആ പണം അക്കൗണ്ടിൽ നൽകിയിട്ടുണ്ടെന്നുമുള്ള മനോജ് എഴുതി എന്നു കരുതപ്പെടുന്ന കത്ത് മുറിയിൽ ഉണ്ടായിരുന്നു.
മനോജിന്റെ മരണത്തിന് കാരണം ജോലി സ്ഥലത്തെ രാഷ്ട്രീയ സമ്മർദ്ദമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. എന്നാൽ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആറൻമുളയിൽ നിന്ന് മനോജ് അടുത്തിടെയാണ് കടമ്പനാട് വില്ലേജ് ഓഫീസിലേക്ക് സ്ഥലംമാറിയെത്തിയത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.