റാന്നി: കുടമുരുട്ടി ചണ്ണയിൽ പതാക്ക് യോഹന്നാന്റെ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ഇതേ വീടിന്റെ സിറ്റ്ഔട്ടിൽ നിന്ന് ഞായർ പകൽ രാജാവെമ്പാലയെ പിടികൂടിയിരുന്നു. തൊട്ടടുത്ത ദിവസമായ ഇന്നലെയും രാജാവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലാണ്. ഞായർ രാവിലെ യോഹന്നാനും കുടുംബവും പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ വീടിന്റെ സിറ്റ്ഔട്ടിലാണ് രാജവെമ്പാലയെ കണ്ടതെങ്കിൽ ഇന്നലെ വീടിനു സമീപത്തെ ടോയ്ലറ്റിലാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പിൽ വിവരം അറിയിച്ചു. വൈകിട്ട് 7 ന് റാന്നി വനം വകുപ്പിന്റെ ദ്രുത കർമ്മ സേന സ്ഥലത്തെത്തി പിടികൂടി. കഴിഞ്ഞ വർഷം ഇതേ വീടിന്റെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്.