പത്തനംതിട്ട: സർക്കാർ ജോലി തികഞ്ഞ സമർപ്പണത്തോടെ ചെയ്തു കൊണ്ടിരുന്നയാളായിരുന്നു ഇന്നലെ ആത്മഹത്യ ചെയ്ത കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് എന്ന് സഹപ്രവർത്തകർ ഓർക്കുന്നു. രണ്ട് മാസത്തോളമാകുന്നു മനോജ് കടമ്പനാട് വില്ലേജ് ഓഫീസറായി ചുമതലയേറ്റിട്ട്. അതിന് മുൻപ് മൂന്ന് മാസം കടമ്പനാട്ട് വില്ലേജ് ഓഫീസറില്ലായിരുന്നു. ചുമതലയേറ്റ് ഒരു മാസത്തിനുള്ളിൽ തന്നെ വില്ലേജ് ഓഫീസർ ചെയ്തു തീർക്കാൻ ബാക്കിയായ ജോലികളെല്ലാം പൂർത്തിയാക്കി. ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുകയും ചെയ്തു. ഓൺലൈനായി ചെയ്യേണ്ട ജോലികൾ താമസം വരുത്താതെ ലാപ് ടോപ്പ് ഉപയോഗിച്ച് വീട്ടിലിരുന്നും ചെയ്യുമായിരുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് കെട്ടിട നികുതി സംബന്ധിച്ച് അപേക്ഷ തീർപ്പാക്കുകയും ഫീൽഡ് ഓഫീസർക്ക് ആവശ്യമായ നിർദേശം ഫോണിൽ മെസേജായി നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷം ജോലിയ്ക്ക് പോകുന്നതിന് കുളിച്ചിട്ടു വരാമെന്ന് വീട്ടുകാരോട് പറഞ്ഞ് മുകളിലെ നിലയിലെ മുറിയിലേക്ക് പോയിരുന്നു. പിന്നെ കണ്ടത് മൃതദേഹമാണ്.
ജോലിയിൽ സത്യസന്ധതയും സുതാര്യതയും വേഗതയുമായിരുന്നു മനോജിന്റെ സവിശേഷത. ജില്ലയിലെ വലിയ വില്ലേജുകളിൽ ഒന്നാണ് കടമ്പനാട്. അവിടെ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ബാഹ്യ സമ്മർദ്ദങ്ങളെപ്പറ്റി റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരോട് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. പുറമ്പോക്ക് കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകി രേഖയാക്കണമെന്ന് ഭരണകക്ഷിയിലെ പ്രബല പാർട്ടി നേതാക്കൾ സമ്മർദ്ദം ചെലുത്തിയതായി വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ സെക്ടറൽ ഓഫീസറായി നിയമിക്കപ്പെട്ട മനോജ് പരിശീലനത്തിനു ശേഷം
എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പോളിംഗ് ബൂത്തുകളുടെയടക്കം എല്ലാ രേഖകളും ഭൂമിശാസ്ത്രപരമായ വിവരങ്ങളും ശേഖരിച്ച് ഓൺലൈനിൽ അപ് ലോഡ് ചെയ്യുകയുമുണ്ടായി.
മനോജിന്റെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ.