s

തിരുവല്ല: എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ റോഡ് ഷോ അണികൾക്ക് ആവേശമായി. താളമേളങ്ങളും ആർപ്പുവിളികളും കാവിക്കൊടികളും വർണ്ണ ബലൂണുകളുമായി നഗരത്തിലെ കുരിശുകവലയിൽ നിന്ന് ദീപാ ജംഗ്ഷൻ വരെയായിരുന്നു ആവേശയാത്ര. പച്ചയും വെള്ളയും കാവി നിറത്തിലുമുള്ള ബലൂണുകളാൽ അലങ്കരിച്ച തുറന്ന വാഹനത്തിലെത്തിയ അനിൽ ആന്റണി പതിവ് രാഷ്ട്രീയക്കാരുടെ വസ്ത്രത്തിൽ നിന്ന് വ്യത്യസ്തനായി. നീല ജീൻസ് പാന്റും ടോപ് ഷർട്ടും കാവി ഷാളും ധരിച്ചാണ് എത്തിയത്. അണികൾ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി നൃത്തം ചെയ്തപ്പോൾ വാഹനത്തിന് മുകളിൽ കയറി നൃത്തം ചെയ്ത് അനിൽ പ്രവർത്തകരെ ആഹ്ളാദത്തിലാക്കി. ഇന്നലെ വൈകിട്ട് നടന്ന റോഡ് ഷോയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻജനാവലി അണിനിരന്നു. ദേശീയതയുടെ അലയൊലികൾ ഭാരതമാകെ ആഞ്ഞടിക്കുമ്പോൾ പത്തനംതിട്ടയിൽ നിന്ന് ഇക്കുറി എൻ.ഡി.എ പ്രതിനിധി പാർലമെന്റിൽ എത്തുമെന്ന് അനിൽ ആന്റണി പറഞ്ഞു. നരേന്ദ്രമോദിയുടെ ഭരണത്തുടർച്ചയാണ് ജനം ആഗ്രഹിക്കുന്നത്. . കേരളത്തിന്റെ വികസന സാദ്ധ്യതകൾക്ക് കരുത്താകാൻ എൻ.ഡി.എയുടെ വിജയം അനുവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.