കോന്നി:കുരങ്ങുകളുടെ ശല്യം മൂലം ചെങ്ങറക്കാർ സഹകെട്ടു. ചക്ക, മാങ്ങ, തേങ്ങ, സപ്പോട്ട, പേരയ്ക്ക,ചാമ്പക്ക , വാഴക്കുല തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ് ഇവ. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ കടവുപുഴ വനത്തിൽ നിന്നാണ് കുരങ്ങുകൾ ഇവിടെത്തുന്നത്. അൻപതും നൂറും വീതമുള്ള സംഘങ്ങളായാണ് ഇവയുടെ വരവ്. മുമ്പ് ബഹളംവച്ചും പടക്കം പൊട്ടിച്ചും കർഷകർ ഇവയെ തുരത്തുമായിരുന്നു. ഇപ്പോൾ ബഹളം വച്ചാലും പടക്കം പൊട്ടിച്ചാലും പോകില്ല. വീടുകൾക്ക് മുകളിലെ ജലസംഭരണിയുടെ ടാപ്പുകളും മറ്റും ഇവ നശിപ്പിക്കും. ബഹളം വച്ചോടിച്ചാൽ മരച്ചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന ശേഷം വീണ്ടുമെത്തും. വാഹനങ്ങളുടെ സീറ്റ്, കണ്ണാടികൾ മുതലായവയും ഡിഷ് ടി.വി ആന്റിനകളും നശിപ്പിക്കും. ആളുകളെ അക്രമിച്ച സംഭവവുമുണ്ട്. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ നഷ്‌ടപരിഹാരം നൽകണമെന്ന് നിയമം ഉണ്ടെങ്കിലും അവ ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. വ്യാപകമായി കൃഷിനാശം സംഭവിക്കുന്നതോടെ പലരും ഇതിനോടകം കൃഷികളിൽ നിന്ന് പിൻമാറി.പരിഹാരം കാണണമെന്ന് പ്രദേശവാസിയായ പ്രസാദ് കോശി ജോസഫ് ആവശ്യപ്പെട്ടു.