1
കോട്ടാങ്ങൽ പഞ്ചായത്തിൽ ശാസ്താംകോയിയ്ക്കലിന് സമീപം സജിയുടെ കൃഷിയിടത്തിലെ വാഴകൾ വരൾച്ച മൂലം ഒടിഞ്ഞു വീഴാറായ നിലയിൽ

മല്ലപ്പള്ളി : കനത്ത ചൂടിനെ തുടർന്ന് താലൂക്ക് മേഖലയിൽ വാഴ കൃഷിക്കാണ് കൂടുതൽ നാശനഷ്ടം ഉണ്ടായിരിക്കുന്നത് . പിണ്ടിയിലെ വെള്ളം വറ്റിയതോടെ കുലച്ചതും കുലയ്ക്കാൻ പാകമായതുമായ വാഴ ചൂട് താങ്ങാനാവാതെ നിലം പൊത്തുകയാണ്. കിണറുകളും, തോടുകളും,കുളങ്ങളും വറ്റി വരണ്ടു. ഇതോടെ കപ്പയും , പച്ചക്കറിയിനങ്ങളും ഉണങ്ങിത്തുടങ്ങി. മലയോര മേഖലകളായ എഴുമറ്റൂർ ,തെള്ളിയൂർ ,കൊറ്റനാട്, കോട്ടാങ്ങൽ,​ വായ്പ്പൂര് പ്രദേശത്തെ റബർ തൈകൾ നട്ടവരെയും വരൾച്ച സാരമായി ബാധിച്ചിട്ടുണ്ട്.കുടിവെള്ളം പോലും കിട്ടാൻ ബുദ്ധിമുട്ടുള്ളപ്പോൾ എങ്ങനെ വെള്ളം ഒഴിച്ച കൃഷികൾ സംരക്ഷിക്കണമെന്നാണ് കർഷകർ ചോദിക്കുന്നത്. പുറമറ്റം, ആനിക്കാട് പഞ്ചായത്തുകളിൽ നെൽ കർഷകർ കൊയ്ത്തു നടത്തിയതിനാൽ വരൾച്ചാ പ്രതിസന്ധിയെ മറികടക്കാനായി.

മണിമലയാർ ഇടമുറിഞ്ഞു

താലൂക്ക് പ്രദേശത്ത് കൂടി കടന്നു പോകുന്ന മണിമലയാർ ഇടമുറിഞ്ഞ് ഒഴുകുവാൻ തുടങ്ങിയതും മേഖലയിൽ ആശങ്കയിലാഴ്ത്തുന്നു. കെട്ടിക്കിടക്കുന്ന പുഴയിലെ വെള്ളത്തിലേക്ക് ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ തള്ളുന്നതും പതിവായിരിക്കുകയാണ്.

ക്ഷീര മേഖലയിലും പ്രതിസന്ധി

ജലാശയങ്ങൾ വറ്റിവരണ്ടതോടെ കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ മുഴുവൻ കരിഞ്ഞുണങ്ങി.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. മുൻപ് ലഭിച്ചിരുന്നതിനെക്കാൾ വയ്ക്കോലിന്റെ വിലവർദ്ധനവും ,കാലിത്തീറ്റയുടെ വിലവർദ്ധനവും ,പാൽ ഉൽപാദന ചെലവിന് അനുസരിച്ച് പാലിന് വിലയും ക്ഷീര കർഷകന് ലഭിക്കുന്നില്ല.പാടത്തും പറമ്പിൽ നിന്നും ധാരാളം പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്തൽ കർഷകർക്ക് ആശ്വാസം പകർന്നിരുന്നത്. എന്നാൽ വേനൽ കടുത്തതോടെ ലഭ്യമായിരുന്ന പാലിന്റെ അളവും കുറഞ്ഞതോടെ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് ക്ഷീരകർഷരും.

................................

വേനലിലും മഴയിലും കർഷകർ പ്രതിസന്ധിയിൽ തന്നെ. ബാങ്ക് വായ്പ എടുത്ത് കൃഷി ചെയ്യുന്ന കർഷകൻ ആത്യമഹത്യ ചെയ്യുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു.

സജി
ആറ്റുവാശേരിയിൽ
(കർഷകൻ)​