pta

പത്തനംതിട്ട : ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുത്ത ആരോഗ്യവകുപ്പിനെതിരെ പ്രമേയം പാസാക്കി പത്തനംതിട്ട നഗരസഭ. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്നലത്തെ നഗരസഭാ കൗൺസിലിൽ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം ഭരണകക്ഷിയായ എൽ.ഡി.എഫ് അംഗീകരിക്കുകയായിരുന്നു. മന്ത്രി വീണാ ജോർജ് മുൻകയ്യെടുത്താണ് ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിന് കൈമാറിയത്. ജനറൽ ആശുപത്രിയുടെ ഭരണ ചുമതല നഗരസഭയ്ക്കായിരുന്നു. നഗരസഭയോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ സി.പി.എമ്മിൽ പ്രതിഷേധമുയർന്നിരുന്നു. ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിട നിർമ്മാണത്തിന് മന്ത്രി നടത്തിയ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് നഗരസഭ ചെയർമാൻ ഉൾപ്പെടെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ വിട്ടുനിന്നതും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.

പൊതുവായ വിഷയമായതിനാൽ പ്രമേയം അജണ്ടയിൽ ഉൾപ്പെടുത്തുകയാണെന്നും അനുമതി നൽകുകയാണെന്നും ചെയർമാൻ നഗരസഭാ അഡ്വ.ടി.സക്കീർ ഹുസൈൻ പറഞ്ഞു. പ്രമേയം ഐക്യകണ്ഠേന പാസാക്കി സർക്കാരിന് അയയ്ക്കുമെന്നും ചെയർമാൻ പറഞ്ഞു.

നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി അവതാരകനും സെക്രട്ടറി ആൻസി തോമസ് അനുവാദകയുമായിട്ടാണ് പ്രമേയം അവതരിപ്പിച്ചത്. അഡ്വ എ.സുരേഷ് കുമാർ, അഡ്വ.റോഷൻ നായർ, എം.സി.ഷെറീഫ്, ആർ.സാബു, സി.കെ.അർജുനൻ, എസ്.ഷെമീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഫെബ്രുവരി ഒന്നിനാണ് ജനറൽ ആശുപത്രി ജില്ലാപഞ്ചായത്തിന് വിട്ടുകൊടുത്തുകൊണ്ട് ആരോഗ്യവകുപ്പിന്റെ ഉത്തരവിറങ്ങിയത്. ഇതിനിടെ ആരോഗ്യവകുപ്പിന്റെ തീരുമാനത്തിനെതിരെ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ ജെറി അലക്സ് ഹൈക്കോടതിയിൽ ഹർജി നൽകി. ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത ദിവസം മുതലുള്ള തത് സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിന് കീഴിലാണ്.

സംസ്ഥാന സർക്കാർ ജില്ലാ പഞ്ചായത്തിന് ചുമതല നൽകിയതായി മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നഗരസഭയുമായി കൂടിയാലോചന നടത്തുകയോ തീരുമാനം അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിൽ സംസ്ഥാനത്ത് ഒരു ആശുപത്രിയുടെയും ചുമതല സമീപകാലത്ത് കൈമാറിയിട്ടില്ല .

അഡ്വ.ടി.സക്കീർ ഹുസൈൻ

നഗരസഭ ചെയർമാൻ