റാന്നി : ജലക്ഷാമം അതിരൂക്ഷമായതിനെ തുടർന്നുള്ള ജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു. കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ വെള്ളമെത്തി. മോട്ടോർ തകരാർ മൂലം ഒരു മാസത്തോളം പൈപ്പുകളിൽ വെള്ളമെത്താതായതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായിരുന്നു. . ഇതിനെ തുടർന്നാണ് പ്രദേശവാസികൾ നാറാണം മൂഴി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിത്. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. ജല അതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം വരാതായിട്ട് ഒരു മാസത്തിലേറെയായിരുന്നു. പമ്പയാറിനോട് ചേർന്ന് കുടമുരട്ടിയിലുള്ള പമ്പു ഹൗസിലെ മോട്ടോർ തകരാറിലായതാണ് ജലവിതരണം മുടങ്ങാൻ കാരണം. ഒരാഴ്ചക്കകം തകരാർ പരിഹരിച്ച് പമ്പിംഗ് പുനരാരംഭിക്കാമായിരുന്നിട്ടും അധികൃതർ കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മോട്ടോർ തകരാർ പരിഹരിച്ച് പൈപ്പുകളിലൂടെ ജലവിതരണം നടത്തിയതോടെ ഏറെ ആശ്വാസത്തിലാണ് ജനങ്ങൾ. ഒരു മാസമായി 800 മുതൽ 1000 രൂപവരെ വിലകൊടുത്താണ് ആളുകൾ വെള്ളം എത്തിച്ചിരുന്നത്.