 
പ്രമാടം : ലിഫ്റ്റ് ഇറിഗേഷൻ തോട് വഴി വെള്ളം പമ്പ് ചെയ്യുന്നത് മൈനർ ഇറിഗേഷൻ വകുപ്പ് നിറുത്തി. അച്ചൻകോവിലാറ്റിലെ വ്യാഴി കടവ് പമ്പ് ഹൗസിലെ മോട്ടോർ തകരാറും ഇറിഗേഷൻ തോടിന്റെ ചോർച്ചയുമാണ് കാരണം. ഇറിഗേഷൻ തോട്ടിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകർ ഇതോടെ ബുദ്ധിമുട്ടിലായി.
മോട്ടോർ തകരാറിനെ തുടർന്ന് പമ്പിംഗ് മുടങ്ങുന്നത് അടുത്തിടെ പതിവായിരുന്നു. ഉടൻതന്നെ അറ്റകുറ്റപ്പണി നടത്തി പമ്പിംഗ് തുടർന്നിരുന്നെങ്കിലും കോൺക്രീറ്റ് തോട്ടിലെ ചോർച്ച കാരണം പലയിടത്തും വെള്ളം കിട്ടിയിരുന്നില്ല. ഒരു മോട്ടോർ മാത്രം ഉപയോഗിച്ചാണ് പകൽ സമയം മുഴുവൻ പമ്പ് ചെയ്തിരുന്നത്. ഇടവേളകളില്ലാത്ത തുടർച്ചയായുള്ള പമ്പിംഗാണ് മോട്ടോർ തകരാറിന് കാരണമായത്.
അച്ചൻകോവിലാറ്റിലെ വ്യാഴി കടവിൽ പമ്പ് ഹൗസ് സ്ഥാപിച്ചാണ് മൈനർ ഇറിഗേഷൻ വകുപ്പ് കോൺക്രീറ്റ് തോട് വഴി പഞ്ചായത്തിലെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ പ്രമാടം ഏലായിൽ വെള്ളം എത്തിക്കുന്നത്. വേനൽ കാലത്ത് ഈ വെള്ളമാണ് കർഷകരുടെ ഏക ആശ്രയം. അവസാനമായി പ്രധാന അറ്റകുറ്റപ്പണി നടത്തിയത് വർഷങ്ങൾക്ക് മുമ്പാണെന്ന് കർഷകരും പ്രദേശവാസികളും പറയുന്നു. തോടിന്റെ കോൺക്രീറ്ര് തകർന്നതോടെയാണ് ചോർച്ച തുടങ്ങിയത്. പല തവണ പ്ളാസ്റ്ററിംഗ് നടത്തിയെങ്കിലും വീണ്ടും തകർന്നു. രണ്ടടി ഉയരവും മൂന്നടി വീതിയിലുള്ള തോട് ഒരുകാലത്ത് നിറഞ്ഞാണ് ഒഴുകിയിരുന്നത്. കോൺക്രീറ്റ് അടിത്തറയിലെയും വശങ്ങളിലെയും വ്യാപക തകർച്ചയെ തുടർന്ന് പ്രമാടം കൃഷിഭവന്റെ പിന്നിലുള്ള പാടശേരങ്ങളിൽ വരെ മാത്രമാണ് ഇത്തവണ ഭാഗികമായെങ്കിലും വെള്ളം എത്തിയിരുന്നത്. പ്രമാടം എസ്.എൻ.ഡി.പിക്ക് പിന്നിലുള്ള കണിയാഞ്ചാലിൽ പാടശേഖരത്തിൽ തോടിന്റെ ശോച്യാവസ്ഥ കാരണം ഇത്തവണ വെള്ളം എത്തിയതേയില്ല.
@ പ്രമാടം ഏലായിലെ കർഷകർ ആശങ്കയിൽ
@ കണിയാഞ്ചാലിൽ പാടശേഖരത്തിൽ ഇത്തവണ വെള്ളം എത്തിയില്ല
വിനയായത്
-------------
1. ഇറിഗേഷൻ തോടിന്റെ ചോർച്ച
2. മോട്ടോർ തകരാറ്
----------------
"ഇറിഗേഷൻ തോടിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം നടത്തി വെള്ളം എത്തിക്കണം. ദിവസേന രണ്ടു നേരവും വെള്ളം നനയ്ക്കേണ്ട ചീര ഉൾപ്പടെയുള്ള കൃഷികളുണ്ട്. വെള്ളം എത്താൻ വൈകിയാൽ ഇവയെല്ലാം കരിഞ്ഞുപോകും.
വെള്ളം ഇല്ലാത്തതിനാൽ നേരത്തെ വാഴ ഉൾപ്പടെയുള്ള കൃഷികൾ നശിച്ചിരുന്നു. പേരിന് പമ്പിംഗ് നടത്തിയിട്ട് കാര്യമില്ല."
കർഷകർ
-------------