
മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച വർണാഭമായി. ക്ഷേത്രത്തിന്റെ പതിനാല് കരകളിൽ നിന്നുള്ള കെട്ടുരുപ്പടികൾ ഇന്നലെ സന്ധ്യയോടെയാണ് ക്ഷേത്ര മൈതാനിയിലേക്ക് പ്രവേശിച്ചത്. താളമേളങ്ങളും വായ്ക്കുരവയും ഭഗവത് സ്തുതികളും അന്തരീക്ഷത്തിൽ മുഖരിതമായി. മീൻചിറയ്ക്കൽ, പൊട്ടന്മല, മണ്ണിൽ വടക്കേക്കര, തെക്കേലയ്യം, പാറപ്പാട്ട് മാങ്കൂട്ടം, എരിഞ്ഞിനാകുന്ന്, മാരാമൺ എന്നീ ഭാഗങ്ങളിൽ നിന്ന് കെട്ടു കാളകളെയാണ് എത്തിച്ചത്. 52 അടിവരെയുള്ള കൂറ്റൻകാളകളെ ക്ഷേത്രസന്നിധിയിലേക്ക് എത്തിക്കാൻ ഈ ഭാഗത്തുള്ള വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റേണ്ടി വന്നു.
ആനന്ദഭൂതേശ്വരം, മഴവഞ്ചരി, ഇണ്ടുകാട്, കോങ്കുളഞ്ഞി, ആലക്കോട്, എം.പി.എ.സി പത്തിശ്ശേരി എന്നിവിടങ്ങളിൽ നിന്ന് വിവിധ തരത്തിലുള്ള ശില്പങ്ങളാണ് എത്തിച്ചത്.
ഉത്സവത്തിന്റെ സമാപന ദിനമായ ഇന്ന് പതിവ് പൂജകൾക്ക് പുറമെ വൈകിട്ട് 4ന് ആറാട്ടുബലി, ആനയൂട്ട്, 5ന് ആറാട്ടു പുറപ്പാട്, 7ന് ചാക്യാർകൂത്ത്, രാത്രി 8ന് ആറാട്ട് വരവ്, ആറാട്ടു ദീപക്കാഴ്ച, സേവ, കൊടിയിറക്ക്, ദീപാരാധന, സോപാനസംഗീതം, അത്താഴപൂജ, അഭിഷേകം എന്നിവ നടക്കും.