ചെങ്ങന്നൂർ: കേരളത്തിലെ സ്‌കാനിംഗ് സെന്ററുകളിൽ യോഗ്യതയുള്ള ഡോക്ടറുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാൻസർ പോലുള്ള രോഗങ്ങൾ സ്ഥിരീകരിക്കുന്നതിന് ജനങ്ങൾ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. സി.ടി, എം.ആർ.ഐ സ്‌കാനുകൾക്കാണ് ഡോക്ടർ ഇല്ലെങ്കിലും സ്‌കാൻ ചെയ്യാൻ പറ്റുന്നത്. മുഴുവൻ സമയം റേഡിയോളജിസ്റ്റ് ഇല്ലാത്ത സെന്ററുകളിൽ സ്‌കാൻ ചെയ്ത പടങ്ങൾ ടെലിറിപ്പോർട്ടിംഗ് ആണ് പലയിടങ്ങളിലും ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ രോഗവിവരങ്ങളോ മറ്റു വസ്തുതകളോ ചിലപ്പോൾ റിപ്പോർട്ട് ചെയ്യുന്ന ഡോക്ടർക്ക് കിട്ടിക്കൊള്ളണമെന്നില്ല. അതിന്റെ ന്യൂനതകൾ റിപ്പോർട്ടിലും ഉണ്ടാകും. ടെലി റിപ്പോർട്ടിംഗ് ചെയ്യുന്നത് നിയമവിരുദ്ധമല്ല. പക്ഷേ റിപ്പോർട്ടിന്റെ ക്വാളിറ്റി കുറയാൻ നല്ല സാദ്ധ്യതയുണ്ട്.
ആലപ്പുഴയിൽ സ്ഥാപനം അടച്ചു പൂട്ടി
മതിയായ യോഗ്യത ഇല്ലാത്തവർ റിപ്പോർട്ടുകൾ തയാറാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകും. ഇതു സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് യോഗ്യതയുള്ള ഡോക്ടറുടെ സാന്നിദ്ധ്യമില്ലാതെ സ്‌കാനിംഗ് റിപ്പോർട്ടുകൾ തയാറാക്കിയ ആലപ്പുഴയിലെ ഒരു സ്ഥാപനം കഴിഞ്ഞ ദിവസം ഡിഎംഒയുടെ നേതൃത്വത്തിൽ സീൽ ചെയ്തു. ഇതിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തും. കാൻസർ ബാധിതർക്കായി പ്രവർത്തിക്കുന്ന ജീവനം കാൻസർ സൊസൈറ്റി ഭാരവാഹികൾ ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
.........................................
ആലപ്പുഴയിൽ സ്‌കാൻ ചെയ്ത റിപ്പോർട്ടിൽ പല അപാകതകൾ ഉണ്ടായി. പല സ്ഥാപനങ്ങളിലും റേഡിയോളജിസ്റ്റുകൾ അല്ല റിപ്പോർട്ടുകൾ തയാറാക്കുന്നത്. വളരെ ഗൗരവമായി കണ്ട് കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആരോഗ്യമേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ പറയുന്നു.
(ബിജുചിറ്റൂർ)