
പത്തനംതിട്ട: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈനിക വാഹനങ്ങൾ ബോംബാക്രമണത്തിലൂടെ തകർത്ത് 44 ജവാന്മാർ വീരമൃത്യു വരിച്ച സംഭവം 2019ൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ ബി.ജെ.പി നടത്തിയ ആസൂത്രിത നീക്കമായിരുന്നുവെന്ന് ആന്റോ ആന്റണി എം.പി ആരോപിച്ചു. സംഭവത്തിൽ പാകിസ്ഥാനെ എന്തിന് സംശിയിക്കണമെന്നും അദ്ദേഹം ചോദിച്ചു. റബർ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിച്ച് പത്തനംതിട്ട പ്രസ് ക്ളബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിവാദമുയർത്തിയ ആന്റോ ആന്റണിയുടെ ആരോപണം.
2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 44 ജവാന്മാരുടെ ജീവൻ ബലി നൽകിയായിരുന്നു ബി.ജെ.പിയുടെ വിജയം. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി നിയോഗിച്ച ജമ്മുകാശ്മീർ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പാകിസ്ഥാന് പങ്കില്ലെന്നാണോ ഉദ്ദേശിച്ചതെന്ന വാർത്താ ലേഖകരുടെ ചോദ്യത്തിന് , അവരെ എന്തിന് സംശയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യദ്രോഹമെന്ന് കെ.സുരേന്ദ്രൻ
ആരുടെ വോട്ടിന് വേണ്ടിയാണ് ആന്റോ ആന്റണി ഇത്തരമൊരു നീചമായ പ്രസ്താവന നടത്തിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ചത് രാജ്യദ്രോഹമാണ്. സൈന്യത്തിന്റെ ആത്മവീര്യത്തെ ചോദ്യം ചെയ്ത ആന്റോയുടെ പാകിസ്ഥാൻ അനുകൂല നിലപാടിന് പത്തനംതിട്ടയിലെ ദേശസ്നേഹികൾ വോട്ടിലൂടെ മറുപടി പറയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ആന്റോ ആന്റണി പാകിസ്ഥാനെ വെള്ള പൂശി. ഇന്ത്യൻ സേനകളുടെ ത്യാഗത്തെ അധിക്ഷേപിച്ചു.
-അനിൽ ആന്റണി, എൻ.ഡി.എ സ്ഥാനാർത്ഥി