14-road-concreting

കുമ്പനാട്:കുമ്പനാട് മാർക്കറ്റ് -ബി.എസ്.എൻ.എൽ .ഫെബ്രോൻപുരം. ബൈപാസ് റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമായി. കോയിപ്രം പഞ്ചായത്തിലെ പതിനേഴാം വാർഡിലാണ് റോ‌ഡ്. കുമ്പനാട് സബ് ട്രഷറിക്ക് സമീപം മാർക്കറ്റിൽ കൂടി കടന്നുപോകുന്ന റോഡ് ഐ.പി.സി സഭയുടെ ആസ്ഥാനമായ ഹെബ്രോൻപുരത്തിന് സമീപമാണ് എത്തുന്നത്. കുമ്പനാട് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ആറാട്ടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഇതുവഴി ടി.കെ റോഡിൽ ഹെബ്രോൻപുരത്തിന് സമീപം എത്താൻ സാധിക്കും. അന്റോ ആന്റണി എം.പിയുടെയും വാർഡ് അംഗമായ പി.എം റോസയുടെയും വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. കുമ്പനാട് പാടത്തിന്റെ അരികിൽ കൂടി കടന്നുപോകുന്ന റോഡിന്റ ഒരു വശത്ത് ശക്തമായ ഒഴുക്കുള്ള തോടാണ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോൺ മാത്യുവിന്റെ ഫണ്ട് ഉപയോഗിച്ച് തോടിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചിട്ടുണ്ട്. കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഉദ്ഘാടനം കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുജാത നിർവഹിച്ചു. വാർഡ് അംഗം പി.എം. റോസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ജോൺ മാത്യു, സി.കെ.ശശി, ഷ്യാം കുരുവിള, ജോസഫ് വർഗീസ്, സുബിൻ നീറുംപ്ലാക്കൽ, തോമസ് ജേക്കബ്, ജോസഫ് നെല്ലാനിക്കൽ, ബാബു നാലുപറയിൽ, വർഗീസ് ഈപ്പൻ, തോമസ് ടി ജോൺ, വൽസൻ ചെമ്പനാലിൽ, അനിൽ ആദമ്‌സ്, ജോയി ജോൺ, നെൽസൺ, ദാസ് കരിങ്കുറ്റി, ബാബു കുറുംതോട്ടത്തിൽ, സംഗീത സുനിൽ എന്നിവർ പ്രസംഗിച്ചു.