പന്തളം : പറന്തൽ - ഐരാണിക്കുടി വലിയതോട്ടിലെ പുതുക്കി പണിത ഷട്ടർ തകർന്നത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയാകുന്നു. പറന്തൽ, മുക്കോടി , പാങ്ങൽ എന്നിവിടങ്ങിലായി ആറുമാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഷട്ടറുകളിൽ പാങ്ങലിലെ ഷട്ടറാണ് തകരാറിലായത്. ഈ ഭാഗത്തെ രണ്ടായിരത്തോളം ഏക്കർ പാടശേഖരത്തിൽ വെള്ളം എത്തിക്കാനാകാതെ കരകൃഷി പ്രതിസന്ധിയിലായതായി കർഷകർ പറഞ്ഞു. നിർമ്മാണത്തിലെ അപാകതയാണ് ഷട്ടർ തകരാൻ കാരണം.
വലിയ തോട്ടിൽ മൂന്ന് വലിയ ചിറകളും രണ്ടു ഉപതടയണകളുമാണുള്ളത്. ചിറകളിലെ മൂന്ന് ഷട്ടറുകളും കാലപ്പഴക്കം കാരണം വർഷങ്ങളായി തുറക്കാനും അടയ്ക്കാനും കഴിയാത്ത നിലയിലായിരുന്നു. വരൾച്ച കാലങ്ങളിൽ വെള്ളം തടഞ്ഞുനിറുത്തി കൃഷി ഉപയോഗിക്കാനും മഴക്കാലത്ത് അധികജലം തുറന്നുവിട്ടു കൃഷിയെ സംരക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. വെള്ളത്തിന്റെ പ്രശ്നത്താൽ കർഷകർ നെൽകൃഷി ഉപേക്ഷിച്ചെങ്കിലും തോടിന് ഇരുവശമുള്ള തോണ്ടുകണ്ടം, പാങ്ങൽ താവളത്തിൽ പാടത്ത് കരകൃഷികൾ ചെയ്തിരുന്നു. കർഷകരുടെ പരാതിയെ തുടർന്ന് രണ്ടുവർഷം മുമ്പ് ചിറകൾ പുനരുദ്ധരിച്ചെങ്കിലും ആറുമാസം മുമ്പാണ് ഷട്ടറുകൾ സ്ഥാപിച്ചത്.
ഹാൻഡിൽ ബോക്‌സ് തകർന്നു
നവീകരിച്ച ഷട്ടറുകളിൽ പാങ്ങലിലെ ഷട്ടറിന്റെ ഹാൻഡിൽ ബോക്‌സ് പൊട്ടിപ്പൊളിഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കട്ടികുറഞ്ഞ കാർബൺ പ്ലേറ്റിലാണ് ഹാൻഡിൽ ബോൾട്ട് ഘടിപ്പിച്ചത്. വെള്ളം നിറഞ്ഞുനിൽക്കുമ്പോൾ ഷട്ടർ ഉയർത്തിയാൽ ഉണ്ടാകുന്ന അധിക മർദ്ദം മനസിലാക്കാതെ കാർബൺ പ്ലേറ്റ് ഉപയോഗിക്കുകയായിരുന്നു. സ്റ്റീൽ പ്ളയിന്റ് ഉപയോഗിച്ചിരുന്നുവെങ്കിൽ തകർച്ച സംഭവിക്കില്ലായിരുന്നുവെന്ന് കർഷകർ പറഞ്ഞു.
മഴക്കാലത്ത് തോട്ടിലെ വെള്ളം ഉയരുമ്പോൾ ഷട്ടർ ഉയർത്താനാകാതെ പാടങ്ങളിൽ വെള്ളം നിറഞ്ഞ് കൃഷികൾ നശിക്കാനുമുള്ള സാദ്ധ്യതയുമുണ്ട്. ഷട്ടർ അടച്ചാൽ തുറക്കാൻ കഴിയില്ല . ഇറിഗേഷൻവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കർഷകർ ആരോപിക്കുന്നത്.
പുതുക്കി പണിത ഷട്ടറുകൾ :
പറന്തൽ, മുക്കോടി , പാങ്ങൽ
ലക്ഷക്കണക്കിന് രൂപ ചെലവിട്ട് സമീപകാലത്ത് നിർമ്മിച്ച ഷട്ടറുകളാണ് തകരാറിലായത്. പ്രതിസന്ധിക്ക് പരിഹാരം കാണണം.
ബേബി ജോൺ, കർഷകൻ