
പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് എരുമേലിയിൽ വിവിധ ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീകൾ, പൗരപ്രമുഖർ തുടങ്ങിയവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എരുമേലിയുടെ വികസനവും റബർ കർഷകരുടെ പ്രശ്നങ്ങളും ചർച്ചയായി.
കുമ്പനാട് : എൽഡി.എഫ് കുമ്പനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനം തുടങ്ങി. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം ബിജു വർക്കി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.പീലിപ്പോസ് തോമസ്, എൽ.ഡി.എഫ് കോയിപ്രം പഞ്ചായത്ത് കൺവീനർ ബേബി തോമസ്, കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം സി.തോമസ്, സി.പി.എം ലോക്കൽ സെക്രട്ടറി സണ്ണി സാമൂവേൽ എന്നിവർ സംസാരിച്ചു.
റബർ കർഷകർ പ്രതിസന്ധിയിൽ: ആന്റോ ആന്റണി
പത്തനംതിട്ട: കേരളത്തിലെ റബർ കർഷകരെ പ്രതിസന്ധിയിലാക്കിയത് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും റബർ മേഖലയിലെ വ്യവസായികളും ചേർന്നാണെന്ന് ആന്റോ ആന്റണി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റബർ കർഷകർക്ക് കിലോയ്ക്ക് 300രൂപ ലഭിക്കുന്നതിന് കേന്ദ്ര, കേരള സർക്കാരുകൾ അടിയന്തര നടപടിയെടുത്തെങ്കിൽ മാത്രമേ കൃഷി കേരളത്തിൽ നിലനിൽക്കൂ. റബർ വില ഇടിച്ചു താഴ്ത്തിയത് കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്. മോദി സർക്കാർ ഭരിച്ച കഴിഞ്ഞ പത്ത് വർഷം റബർ വ്യവസായികൾക്ക് വൻ ലാഭമാണുണ്ടായത്. അതിന്റെ പത്ത് ശതമാനം കർഷകർക്ക് പ്രയോജനപ്പെടുത്തണമെന്ന് താനും യു.ഡി.എഫ് എം.പി മാരും പാർലമെന്റിൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണമെന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.
ആത്മാഭിമാനമുള്ള ബി.ജെ.പിക്കാർ ഇത്തവണ അനിൽ ആന്റണിക്ക് വോട്ടു ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്തുപോകണമെന്നുള്ളവർക്ക് പാേകാം. കേൺഗ്രസ് നേതാവ് എ.കെ ആന്റണി യു.ഡി.എഫ് പ്രചാരണത്തിന് എത്തുമോയെന്ന ചോദ്യത്തോട്, ആന്റണിയുടെ അനുഗ്രഹം വാങ്ങിയാണ് താൻ സ്ഥാനാർത്ഥിയായതെന്ന് ആന്റോ ആന്റണി പറഞ്ഞു.
വർഗീയ മുതലെടുപ്പിന് എൽ.ഡി.എഫ് ശ്രമം : കെ.സുരേന്ദ്രൻ
പത്തനംതിട്ട : സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം പൗരത്വനിയമത്തിന്റെ പേരിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത് എൻ.ഡി.എ മോദി സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദി കുറിക്കും. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തുനിന്നും നിരവധി നേതാക്കൾ ഇതിന് മുന്നോടിയായി ബി.ജെ.പിയിൽ ചേരും. ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യസഖ്യം മാറും. നിലനിൽപ്പ് അപകടത്തിലായതോടെ ഇന്ത്യ സഖ്യം കേരളത്തിലും യാഥാർത്ഥ്യമാക്കാനാണ് പിണറായി വിജയനും വി.ഡി.സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.