panthal-1

പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി പത്തനംതിട്ടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ജില്ലാ സ്‌റ്റേഡിയത്തിൽ അൻപതിനായിരം പേർക്ക് ഇരിക്കാൻ കഴിയുന്നതരത്തിൽ വിവിധ പന്തലുകളും കൂറ്റൻ സ്റ്റേജുമാണ് നിർമ്മിക്കുന്നത്. കേന്ദ്ര സുരക്ഷാ ഏജൻസികളുടെ അനുമതിക്കുശേഷമാണ് പന്തൽ നിർമ്മാണം ആരംഭിച്ചത്. അൻപതോളം വരുന്ന കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ ബോംബുസ്‌ക്വാഡിന്റെയും പൊലീസ് നായയുടെയും പരിശോധനയ്ക്കുശേഷമാണ് നിർമ്മാണം. ജർമ്മൻ ടെക്‌നോളജി ഉപയോഗിച്ച് തിരുവനന്തപുരത്തുള്ള കമ്പനി യന്ത്രത്തിന്റെയും 100ൽപരം തൊഴിലാളികളുടെയും സഹായത്തോടെ ദ്രുതഗതിയിലാണ് പന്തൽ നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോഘട്ടത്തിലും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. പന്തൽ നിർമ്മാണം ഇന്ന് പൂർത്തിയാക്കുമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനുമോൻ പറഞ്ഞു.

15ന് ഉച്ചയ്ക്ക് 12ന് മോദി സംസാരിക്കും

15ന് രാവിലെ 11ന് സമ്മേളനം ആരംഭിക്കും. ഹെലികോപ്ടറിൽ പ്രമാടം ഇന്റോർ സ്‌റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിലിറങ്ങുന്ന പ്രധാനമന്ത്രി ഇവിടെ നിന്ന് വാഹനത്തിൽ 12ന് ജില്ലാ സ്റ്റേഡിയത്തിലെത്തും. 1.15ന് സമ്മേളനം അവസാനിച്ചശേഷം അദ്ദേഹം മടങ്ങും.
മോദിയെ വരവേൽക്കാൻ നഗരംമുഴുവൻ കൊടിതോരണങ്ങൾ കൊണ്ടും ഫ്‌ളെക്‌സ് ബോർഡുകൾ ഉപയോഗിച്ചും അലങ്കരിച്ചിട്ടുണ്ട്. നിയോജകമണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും വാഹനങ്ങളിൽ പ്രവർത്തകരെ പത്തനംതിട്ടയിൽ എത്തിക്കും.