jeeps
ചെങ്ങന്നൂർ സിവില്‍ സപ്ലൈസ് ഓഫീൻ്റെ കട്ടപ്പുറത്തായ രണ്ട് ജീപ്പുകൾ

ചെങ്ങന്നൂർ: ചെങ്ങന്നൂർ സിവിൽ സപ്ലൈസ് ഓഫീസിൽ വാഹനം ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. ഭക്ഷ്യ സുരക്ഷാ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥർ വാഹന സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ദൈനം ദിന ആവശ്യങ്ങൾക്കായി സ്വന്തം വാഹനം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ. ചെങ്ങന്നൂർ താലൂക്കിന്റെ അരിയുടെ സംഭരണശാല ചെന്നിത്തലയിലാണ് പ്രവർത്തിക്കുന്നത്. സപ്ലേകോയുടെ കീഴിലാണെങ്കിലും വിതരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ചെങ്ങന്നൂരിൽ നിന്ന് സപ്ലേ ഓഫീസർക്ക് ചെന്നിത്തലയിൽ പോകേണ്ടിവരും. അതോടൊപ്പം തന്നെ ഫീൽഡ് വിസിറ്റിംഗിനായി താലൂക്കിന്റെ വിവിധ സ്ഥലങ്ങളിലെ റേഷൻ കടകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പോകേണ്ടതായി വരുന്നു. ഓഫീസിൽ വാഹനം ഇല്ലാത്തതിനാൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന താലൂക്കിലെ കടകളിൽ കാര്യമായി പരിശോധനകൾ നടക്കാറില്ല. സിവിൽ സപ്ലൈസ് ഓഫീസിന്റെ രണ്ട് ജീപ്പുകളാണ് കട്ടപ്പുറത്ത് ഇരിക്കുന്നത്. ഇതിൽ ഒരു വാഹനം കഴിഞ്ഞവർഷം മാർച്ചിൽ 15വർഷം പിന്നിട്ടതിനെ തുടർന്ന് ഉപേക്ഷിച്ചു. മറ്റൊരു വാഹനം വർഷങ്ങളായി കേടായി തുരുമ്പെടുത്ത നിലയിലാണ്.

ആക്രിക്കാർക്കും വേണ്ട പഴയ വാഹനം

വൻതുക നൽകി ലേലത്തിൽ എടുക്കാൻ ആക്രി കച്ചവടക്കാർ തയാറാകാത്തതാണ് ഈ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ കാരണം. പൊതുവേ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യങ്ങൾ കുറവുള്ള ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷന്റെ മുൻവശത്തെ ചെറിയ ഷെഡിൽ ഉപയോഗ ശൂന്യമായ വാഹനം കിടക്കുന്നതിനാൽ മറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഉയോഗത്തിലിരിക്കുന്ന വാഹനങ്ങൾ പുറത്ത് മഴയും വെയിലുമേറ്റ് കിടക്കുകയാണ്.

.............................

സ്ഥല സൗകര്യം കുറവുള്ള മിനി സിവിൽ സ്റ്റേഷന്റെ മുന്നിൽ തുരുമ്പെടുത്ത വാഹനങ്ങൾ കിടക്കുന്നത് മറ്റു വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം കൂടെ ഇല്ലാതാക്കും. ഇത്തരം വാഹനങ്ങൾ സമയാസമയങ്ങളിൽ ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടേണ്ടതാണ്.

കെ.കരുണാകരൻ

(പൊതുപ്രവർത്തകൻ)

1. കേടായിരിക്കുന്നത് 2 ജീപ്പുകൾ

2. താലൂക്കിലെ കടകളിൽ കാര്യമായി പരിശോധനയില്ല

3. ഉദ്യോഗസ്ഥ ആവശ്യങ്ങൾക്ക് പോകുന്നത് സ്വന്തം വാഹനത്തിൽ