
കോന്നി: അട്ടച്ചാക്കൽ - കുമ്പളാംപൊയ്ക റോഡിൽ കുമ്പഴ എസ്റ്റേറ്റ് ഭാഗത്ത് റോഡരികിൽ മാലിന്യം തള്ളുന്നതായി പരാതി. വടശേരിക്കര, കോന്നി ഭാഗങ്ങളിൽ നിന്നാണ് മാലിന്യം എത്തിക്കുന്നത്. ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റ് ഭാഗത്തെ നാലുകിലോമീറ്റർ ദൂരം ജനവാസമില്ലാത്തതിനാൽ രാത്രിയിൽ വിജനമാണ്. ഇവിടെയാണ് വാഹനങ്ങളിൽ എത്തി മാലിന്യം തള്ളുന്നത്. ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ റോഡരികിൽ കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഇത് തെരുവുനായ്ക്കൾ കടിച്ചുവലിച്ചു റോഡിൽ ഇടും. നേരത്തെ എസ്റ്റേറ്റ് മാനേജ്‍മെന്റ് ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ രാത്രിൽ കാവൽക്കാരെ നിയോഗിച്ചിരുന്നു. ഇപ്പോൾ റോഡരികിൽ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെകിലും പ്രയോജനമില്ല.