റാന്നി: കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായ റാന്നി മേഖലയിൽ പമ്പാ നദിയുടെ നീരൊഴുക്കു ഗണ്യമായി കുറയുന്നതു മലയോര പ്രദേശങ്ങളെപ്പോലെ തീരദേശങ്ങളിലും ആശങ്ക ഉണർത്തുന്നു. മുൻവർഷങ്ങളിൽ ഉണ്ടാകാത്ത അത്രയും കടുത്ത ജല ക്ഷാമമാണ് പമ്പാ നദിയിൽ അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങൾ കൂടി ഇത്തരത്തിൽ ചൂട് അനുഭവപ്പെടുകയാണെങ്കിൽ പമ്പാ നദി ഇടമുറിയും. ഇതോടെ പമ്പയെ ആശ്രയിക്കുന്ന ജല വിതരണ പദ്ധതികൾ പ്രവർത്തനവും താറുമാറാകും. കഴിഞ്ഞ മഴക്കാലത്ത് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശത്ത് കാര്യമായ വേനൽമഴ ലഭിക്കുന്നില്ല എന്നതും ആശങ്ക ഉയർത്തുന്നു. തോടുകളും, കിണറുകളും ഒരു മാസം മുമ്പേ വറ്റിയിരുന്നു വീട്ടാവശ്യങ്ങൾക്കും കുളിക്കുന്നതിനും മറ്റുമായി ആയിരക്കണക്കിനുപേർ ആശ്രയിക്കുന്ന പമ്പാ നദിയിലെ ജലത്തിന്റെ അവസ്ഥയും മോശമായി. നീരൊഴുക്കിന് ശക്തിയില്ലാതായതോടെ പല സ്ഥലങ്ങളിലും വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയുമുണ്ട്. തീരദേശവും മലയോര മേഖലയും മഴക്കായി ഒരുപോലെ കാത്തിരിപ്പാണ്.