
തിരുവല്ല: പുകക്കുഴൽ ഒടിഞ്ഞുവീണതിനെ തുടർന്ന് ഒന്നര വർഷമായി പ്രവർത്തനം നിലച്ചിരുന്ന തിരുവല്ല നഗരസഭയുടെ വാതക ശ്‌മശാനം (ശാന്തികവാടം) വീണ്ടും തുറന്നു. തകരാറിലായ പുകക്കുഴൽ മാറ്റി പുതിയ പുകക്കുഴൽ സ്ഥാപിച്ചു. കെട്ടിടത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണികളും ഗ്യാസ് ചേംബറിന് ഉള്ളിലേക്ക് മൃതദേഹങ്ങൾ കടത്തിവിടുന്ന സംവിധാനത്തിന്റെ അറ്റകുറ്റപ്പണിയും പൂർത്തിയാക്കി. 2022 ഒക്ടോബർ 7നാണ് നഗരസഭയുടെ ഏകവാതക ശ്‌മശാനം തകരാറിലായത്. 100 അടിയോളം ഉയരമുള്ള കുഴലിന്റെ മദ്ധ്യഭാഗത്തുവച്ചാണ് ഒടിഞ്ഞത്. വാതക ചേംബർ ഉറപ്പിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് പുകക്കുഴൽ ഒടിഞ്ഞ് വീണത്. ഇതേതുടർന്ന് സംസ്കരിക്കാൻ ഇടമില്ലാതായി. മാസങ്ങൾ കഴിഞ്ഞിട്ടും ശ്‌മശാനത്തിന്റെ തകരാർ പരിഹരിക്കാത്തതുമൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് ശ്മാശാനത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. 50 ലക്ഷം രൂപ ചെലവിട്ട് ആദ്യം നിർമ്മിച്ച വൈദ്യുതി ശ്മശാനം തുടർച്ചയായി തകരാറിലായതോടെ എട്ട് വർഷം മുമ്പാണ് 30 ലക്ഷം രൂപ മുടക്കി വാതക ശ്മശാനമാക്കിയത്. ഇപ്പോഴത്തെ തകരാർ പരിഹരിക്കാൻ 25 ലക്ഷത്തോളം രൂപ ചെലവഴിച്ചു. വാതക ശ്മശാനം വീണ്ടും പ്രവർത്തനസജ്ജമാക്കിയ ചടങ്ങിൽ നഗരസഭാദ്ധ്യക്ഷ അനു ജോർജ്, ഉപാദ്ധ്യക്ഷൻ ജോസ് പഴയിടം, കൗൺസിലർമാരായ മാത്യൂസ് ചാലക്കുഴി, ഷിനു ഈപ്പൻ, സജി എം.മാത്യു, മുൻസിപ്പൽ സെക്രട്ടറി ദീപേഷ് ആർ.കെ, എൻജിനീയർ ഷീജ ബി.റാണി എന്നിവർ പങ്കെടുത്തു.
1. ശ്മശാനത്തിൽ പുതിയ പുകക്കുഴൽ സ്ഥാപിച്ചു,
2. തകരാർ പരിഹരിക്കാൻ ചെലവിട്ടത് : 25 ലക്ഷം രൂപ