തിരുവല്ല: 40-ാമത് അഖിലഭാരത ഭാഗവത മഹാസത്രം 31മുതൽ ഏപ്രിൽ 11വരെ കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ആസ്ഥാനമായ അഖിലഭാരത ഭാഗവത സത്രസമിതിയുടെയും തിരുവല്ല ഭാഗവത സത്രനിർവഹണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് സംഘാടനം. 31ന് രാവിലെ 5ന് സൂര്യകാലടി തന്ത്രിമുഖ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ മഹാസത്രം ആരംഭിക്കും. ഗുരുവായൂർ മണിസ്വാമിയാണ് മുഖ്യാചാര്യൻ. 7ന് വിഷ്ണുസഹസ്രനാമജപം. 7.30മുതൽ ഭാഗവതമാഹാത്മ്യ പാരായണം, ശ്രീമന്നാരായണീയ പാരായണം. 3ന് കൃഷ്ണവിഗ്രഹവുമായി ഗുരുവായൂരിൽ നിന്നുള്ള രഥഘോഷയാത്രയ്ക്കും ഗ്രന്ഥവും കൊടിക്കൂറയുമായി ശ്രീപത്മനാഭ ക്ഷേത്രത്തിൽ നിന്നുള്ള രഥഘോഷയാത്രയ്ക്കും കാവുംഭാഗത്തുനിന്നും സത്രവേദിയിലേക്ക് സ്വീകരണം. നാലിന് വേദിയിൽ വിഗ്രഹപ്രതിഷ്ഠ, സത്രവേദിയിൽ കൊടിയേറ്റ്. 4.30ന് സത്രസമാരംഭ സഭ. 7ന് ഭാഗവത മാഹാത്മ്യപ്രഭാഷണം. തുടർന്നുള്ള ദിവസങ്ങളിൽ നൂറിലധികം ആചാര്യന്മാരും സന്യാസശ്രേഷ്ഠരും ഭാഗവതപണ്ഡിതന്മാരും ഒരേവേദിയിൽ 120ലധികം പ്രഭാഷണങ്ങൾ നടത്തും. ദിവസവും രാത്രി എട്ടുമുതൽ ക്ഷേത്രകലകൾ, കൃഷ്ണനാട്ടം,നൃത്തനൃത്യങ്ങൾ,നാമസങ്കീർത്തനം എന്നിവ സത്രവേദിയിൽ അരങ്ങേറും. എല്ലാദിവസവും നാലുനേരവും അന്നദാനം ഉണ്ടായിരിക്കും. വിവിധ നാരായണീയ സമിതികളുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന അഖണ്ഡ നാരായണീയ പാരായണയജ്‌ഞം 45ദിവസം പിന്നിട്ടു. മഹാസത്രത്തിന്റെ വിജയത്തിനായി 1001അംഗ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തിക്കുന്നു.
കാൽനാട്ടുകർമ്മം 16ന്
പ്രധാനവേദിയിലെ പന്തലിന്റെ കാൽനാട്ടുകർമ്മം 16ന് രാവിലെ 7.30ന് നടക്കും.ശിവക്ഷേത്രാങ്കണത്തിൽ 25,000ചതുരശ്ര അടിയിൽ സത്രത്തിന്റെ പ്രധാനവേദിയും സമീപത്തെ ഡി.ബി.എച്ച്.എസ് സ്‌കൂളിന്റെ മൈതാനത്ത് 35000ചതുരശ്ര അടിയിൽ അന്നദാനപന്തലും ഒരുക്കും.പ്രധാനവേദിയിൽ 3,500പേർക്ക് ഇരിപ്പിടം സജ്ജമാക്കും. 20 വർഷങ്ങൾക്കുമുമ്പ് തിരുവല്ല ശ്രീവല്ലഭക്ഷേത്രം മഹാസത്രത്തിന് വേദിയായിരുന്നു. തിരുവല്ലയിൽ വീണ്ടുമെത്തുന്ന മഹാസത്രത്തെ ഉജ്ജ്വലവിജയമാക്കാൻ ഗംഭീര ഒരുക്കങ്ങളാണ് സംഘടകസമിതിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഭാഗവതസത്ര ചെയർമാൻ അഡ്വ.ടി.കെ.ശ്രീധരൻ നമ്പൂതിരി, ജനറൽകൺവീനർ പി.കെ ഗോപിദാസ്, പബ്ലിസിറ്റി ചെയർമാൻ ശ്രീനിവാസ് പുറയാറ്റ്, കൺവീനർ ലാൽ നന്ദാവനം, വൈസ് ചെയർമാൻ വിഷ്ണുനമ്പൂതിരി, ജോ.കൺവീനർ എം.വേണുഗോപാൽ, സത്രനിർവഹണസമിതി കോർഡിനേറ്റർ ഡോ.പ്രശാന്ത് പുറയാറ്റ്, മാതൃസമിതി ചെയർപേഴ്സൺ പ്രൊഫ.ആർ.ഷൈലജ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.