പത്തനംതിട്ട: ശബരിമലയിൽ ഉത്ര മഹോത്സവ കൊടിയേറ്റിന് ഇരുപത്തിയൊന്നാം തവണയും കൊടിക്കൂറയും കൊടിക്കയറും ചെങ്ങളത്ത് നിന്ന്. പതിവ് തെറ്റിക്കാതെ ചെങ്ങളം വടക്കത്ത് ഇല്ലത്ത് ഗണപതി നമ്പൂതിരിയുടെ കരവിരുതിലാണ് കൊടിക്കൂറ ഒരുക്കിയത്. കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിൽ വച്ച് ഗണപതി നമ്പൂരിയിൽ നിന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് കൊടിക്കൂറ ഏറ്റുവാങ്ങി. ശബരിമലയിലേക്ക് നൽകുന്ന കൊടിക്കൂറകൾക്ക് മാത്രം ഗണപതി നമ്പൂതിരി പണം വാങ്ങാറില്ല. പട്ടു കൊണ്ട് നിർമ്മിച്ച കൊടിയിൽ ശാസ്താവിന്റെ വാഹനമായ കുതിരയുടെ രൂപം തങ്കത്തിൽ പൂശി ആലേഖനം ചെയ്തിട്ടുണ്ട്. അഞ്ചുദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ശബരിമലയിലെ സ്വർണക്കൊടിമരത്തിന്റെ മൂന്നിലൊന്ന് നീളത്തിലാണ് കൊടിക്കൂറ തയ്യാറാക്കിയത്. ഏറ്റുമാനൂർ, കുമാരനല്ല ർ, ചേർത്തല, വാരനാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളിലെ ഉത്സവത്തിനും കൊടിക്കൂറ നിർമ്മിച്ചു നൽകുന്നത് ഗണപതി നമ്പൂതിരിയാണ്.