kaattana-

കോന്നി: തണ്ണിത്തോട് - കോന്നി വനപാതയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് വനംവകുപ്പ് വനത്തിൽ ചെക്ക് ഡാമുകളും കുളങ്ങളും നിർമ്മിക്കും. കൊല്ലൻപടി മൺപിലാവ് ഭാഗത്തും അടുക്കഴി കരിങ്ങഴ ഭാഗത്തുമുള്ള ചെക്ക്ഡാമുകൾ നവീകരിക്കാനും ഇലവുങ്കൽ വനത്തിൽ പുതിയ ചെക്ക്ഡാം നിർമ്മിക്കാനുമാണ് പദ്ധതി. ഇലവുങ്കൽതോട് കല്ലാറിന്റെ കൈവഴിയാണ്. പൂച്ചക്കുളം, അടുക്കഴി എന്നിവിടങ്ങളിൽ വനത്തിൽ പുതിയ കുളങ്ങളും നിർമ്മിക്കും. ഇതിലിലൂടെ വനത്തിലെ ജലത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നതോടെ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വേനൽ കടുത്തതോടെ വനത്തിലെ നീരുറവകളും ചെറിയതോടുകളും വറ്റി വരണ്ടതോടെ കാട്ടാനകളും കാട്ടുപോത്തുകളും മ്ലാവുകളും റോഡ് മുറിച്ചുകടന്ന് കല്ലാറ്റിൽ വെള്ളം കുടിക്കാനെത്തുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഭീഷിണിയാണ്. റോഡിൽ എലിമുള്ളംപ്ലാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ ഏഴ് ആനത്താരകൾ ഉണ്ട്. ഇലവങ്കൽ ഭാഗത്താണ് പ്രധാന ആനത്താരകൾ. ഇവിടെ ഒറ്റയയായും കൂട്ടമായും കാട്ടാനകൾ റോഡ് മുറിച്ചുകടന്ന് കല്ലാറ്റിൽ എത്തും. ചിലത് റോഡിൽ നിലയുറപ്പിക്കും. വനംവകുപ്പ് ആനത്താരകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ യാത്രക്കാർക്ക് ബോർഡുകൾ കാണാൻ സാധിക്കാത്തതിനാൽ പ്രധാന ആനത്താരയായ മുണ്ടൊമൂഴി ഫോറസ്റ്റ് സ്റ്റേഷന് സമീപം ഡിജിറ്റിൽ സൈൻ ബോർഡും സ്ഥാപിച്ചിരുന്നു. ഇലവുങ്കൽ വനത്തിലെ ഇലവുങ്കൽ തോട്ടിൽ ചെക്ക്ഡാം നിർമ്മിച്ച് വെള്ളം തടഞ്ഞുനിറുത്തിയാൽ ഒരു പരിധിവരെ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടന്ന് കല്ലാറ്റിൽ എത്തുന്നതും തിരികെപ്പോകുന്നതും ഒഴിവാക്കാൻ കഴിയുമെന്നാണ് വനം വകുപ്പ് കരുതുന്നത്. നാട്ടുകാർക്ക് ആനത്താരകൾ പരിചിതമാണെങ്കിലും അടവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കാണ് പ്രശ്നം. ഇവർ പലപ്പോഴും കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടാറുമുണ്ട്. കോന്നി- തണ്ണിത്തോട് വനപാതയിലെ കല്ലാറിന്റെ ഇടതുവശം റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചും വലതുവശം കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചുമാണ്‌.

----------------------

ജലലഭ്യത ഉറപ്പാക്കുക ലക്ഷ്യം

വേനൽക്കാലത്താണ് വന്യമൃഗങ്ങൾ കൂടുതലായി നാട്ടിലിറങ്ങുന്നത്. വനത്തിലെ ജലസ്രോതസുകൾ വറ്റുന്നതോടെ വെള്ളം തേടിയാണ് ഇവ വരുന്നത്. തണ്ണിത്തോട് - കോന്നി വനപാത മുറിച്ച് കടന്നാണ് ഇവയുടെ യാത്ര. വനത്തിൽ ജല ലഭ്യത ഉറപ്പാക്കിയാൽ ഇതിന് ഒരുപരിധി വരെ പരിഹാരം കാണാൻ കഴിയും. ചെക്ക് ഡാമുകളും കുളങ്ങളും നിർമ്മിക്കുന്നതോടെ വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കും എന്നാണ് വനംവകുപ്പ് കരുതുന്നത്.

-------------

എലിമുള്ളും പ്ളാക്കലിനും തണ്ണിത്തോട് മൂഴിക്കും ഇടയിൽ റോഡിൽ 7 ആനത്താരകൾ

--------------------

" വനത്തിൽ ചെക്ക് ഡാമുകളും കുളങ്ങളും നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട് "

എസ്.റെജികുമാർ
( ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ
തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ )