മല്ലപ്പള്ളി : തടിയൂർ - വാളക്കുഴി - നാരകത്താനി റോഡ് നവീകരണം അവസാന ഘട്ടത്തിൽ.
കറുത്തമാങ്കൽ പടിക്ക് സമീപം മൂന്ന് ഭാഗങ്ങളിൽ ഐറിഷ് ജോലികളും കറുത്തമാങ്കൽ മുതൽ പടുതോട് -എഴുമറ്റൂർ ബാസ്റ്റോ റോഡിലേക്ക് പ്രവേശിക്കുന്ന ആര്യൻ കുളം വരെയുള്ള 250 മീറ്റർ ഭാഗത്തെ ജോലികളുമാണ് ബാക്കിയുള്ളത്.
പ്രധാനമന്ത്രി ഗ്രാമീണ പാത യോജനാപദ്ധതിയിൽ (പി.എം.ജി.എസ്. വൈ ) ഉൾപ്പെടുത്തി റോഡ് നിർമ്മാണം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. നിർമ്മാണം ഇടയ്ക്ക് നിലച്ചിരുന്നു. റോഡിന്റെ വിവിധ ഇടങ്ങളിൽ വീതി വർദ്ധിപ്പിക്കലും സംരക്ഷണ ഭിത്തികളുടെ നിർമ്മാണവും പഴയ ടാറിങ് ഇളക്കിമാറ്റി മെറ്റിൽ നിരത്തുന്ന ജോലികളുമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. പിന്നീട് പണി നിലച്ചു.
ജല അതോറിട്ടിറിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വൈകിയതാണ് നിർമ്മാണം നിറുത്തിവയ്ക്കാൻ കാരണമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഇതോടെ യാത്ര ദുരിതമായി. കറുത്തമാങ്കൽ, ശാന്തിപുരം ഭാഗങ്ങളിൽ അപകടങ്ങളും പതിവായി. തുടർന്ന് നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. തുടർന്ന് 2024 ഫെബ്രുവരി ആദ്യ ആഴ്ചയിൽ രണ്ടാംഘട്ട നിർമ്മാണം തുടങ്ങി. .
ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് വീണ്ടും പണി തുടങ്ങിയത്. 2021 മാർച്ചിൽ 5.65 കിലോമീറ്റർ ദൂരപരിധിയിലെ നിർമ്മാണത്തിനായി 3.81 കോടി രൂപ അനുവദിച്ചിട്ടുണ്ട്.