bhairavi-kolam
പുതുക്കുളങ്ങര പടയണിക്കളത്തിലെത്തിയ ഭൈരവിക്കോലം

തിരുവല്ല: മീനസംക്രമ എഴുന്നെള്ളത്തിന്റെ ധന്യതയിൽ ഓതറ പുതുക്കുളങ്ങര വലിയ പടയണിയുടെ ആറാം ദിനം ഭക്തി സാന്ദ്രമായി. രാവിലെ ശ്രീദുർഗ നാരായണീയ സമിതിയുടെ നാരായണീയ പാരായണവും വൈകിട്ട് കളമെഴുത്തും പാട്ടും നടന്നു. കാലൻകോലം വഴിപാടുകൾ അശ്വതി നാൾ മുതൽ ആരംഭിച്ചതോടെ കാലൻകോലം വഴിപാടായി നടത്തുന്ന ഭക്തരുടെ തിരക്കേറി. മുപ്പതോളം കാലൻ കോലങ്ങളാണ് ഒരു ദിവസം വഴിപാടായി നടക്കുന്നത്. ഭക്തരുടെ വഴിപാടായി 101 പാളയിൽ തീർത്ത ഭൈരവിക്കോലവും 51 പാളയിൽ തീർത്ത ഭൈരവിക്കോലവും വഴിപാടായി നടത്തി. പച്ചക്കമുകിൻ പാള ശേഖരിക്കുന്നതും പാളയിൽ കോലങ്ങൾ എഴുതിതയാറാക്കുന്ന ജോലികൾ വരെ രാവും പകലുമായി ഒട്ടേറെ കലാകാരന്മാരുടെയും നാട്ടുകാരുടെയും പ്രയത്നത്തോടെ നടന്നുവരികയാണ്. 18ന് തിരുവാതിര ഉത്സവത്തോടെ പടയണി സമാപിക്കും. കാഴ്ചക്കാരിൽ വിസ്മയം തീർക്കുന്ന ആയിരത്തൊന്നു പാളയിൽതീർത്ത മഹാഭൈരവിക്കോലത്തിന്റെ വരവ് 19ന് പുലർച്ചെയാണ്. ഒട്ടേറെ തീപ്പന്തങ്ങളുടെ അകമ്പടിയിൽ കളത്തിലേക്ക് എഴുന്നെള്ളുന്ന മഹാഭൈരവിക്കോലം ദർശിക്കാൻ ഒട്ടേറെ ഭക്തരും ആസ്വാദകരും പുതുക്കുളങ്ങരയിലെത്തും.