krishi
പെരിങ്ങരയിലെ ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാൻ നിർവഹിക്കുന്നു

തിരുവല്ല : ജില്ലയിൽ നെൽകൃഷിയിൽ മുന്നിലുള്ള പെരിങ്ങര പഞ്ചായത്തിൽ ഇനി ചെറുധാന്യങ്ങളും വിളയിക്കും. പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സംയുക്തമായാണ് പെരിങ്ങര പഞ്ചായത്തിലെ 12-ാം വാർഡിൽ ചെറുധാന്യ കൃഷി ചെയ്യുന്നത്. അര ഏക്കർ കരഭൂമിയിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത് കടപ്ര കൃഷിഭവന്റെ കീഴിൽ കൃഷിക്കൂട്ടമായി രജിസ്റ്റർ ചെയ്തിട്ടുള്ള അഗ്രോ സർവീസ് സെന്ററാണ്. മണിച്ചോളവും ബാജ്‌റയുമാണ് കൃഷി ചെയുന്നത്. ഇതിനായുള്ള വിത്ത് ബ്ലോക്ക്‌ പഞ്ചായത്ത്‌ സൗജന്യമായി നൽകി. കൃഷി വകുപ്പ് നടത്തിപ്പിനാവശ്യമായ ചെലവ് വഹിക്കുകയും ചെയ്യും. വർഷങ്ങളോളം തരിശ് കിടന്ന സ്ഥലമാണ് തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കൃഷിക്കായി അനുയോജ്യമാക്കിയെടുത്തത്. പകുതി വീതം സ്ഥലത്ത് രണ്ട് ധാന്യങ്ങളും കൃഷി ചെയ്യും. പെരിങ്ങരയിൽ ആദ്യമായി നടപ്പാക്കുന്ന ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.വിജി നൈനാൻ നിർവഹിച്ചു. 100 മുതൽ 120 ദിവസത്തിനുള്ളിൽ ധാന്യങ്ങൾ വിളവെടുക്കാനാകുമെന്ന് പദ്ധതി വിശദീകരിച്ച തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ പറഞ്ഞു. പെരിങ്ങര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏബ്രഹാം തോമസ് അദ്ധ്യക്ഷനായി. പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനിൽകുമാർ, ബ്ലോക്ക്‌ മെമ്പർമാരായ മറിയാമ്മ ഏബ്രഹാം, അരുന്ധതി അശോകൻ, സോമൻ താമരച്ചാലിൽ, ചന്ദ്രലേഖ, അനു സി.കെ, പഞ്ചായത്ത് മെമ്പർ സുഭദ്ര രാജൻ, കൃഷി ഓഫീസർ അഞ്ചു മറിയം ജോസഫ് എന്നിവർ പ്രസംഗിച്ചു.

.......................................

1. കൃഷി ചെയ്യുന്നത് മണിച്ചോളവും ബാജ്‌റയും

1. 100 മുതൽ 120 ദിവസത്തിനുള്ളിൽ വിളവെടുക്കാം