modi

പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിന് വേഗത കൂട്ടാൻ എൻ.ഡി.എ എം.പിമാരെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാര സമ്പന്നരായ കേരള ജനത വികസനം ആഗ്രഹിക്കുമ്പോൾ എൽ.ഡി.എഫും യു.ഡി.എഫും അക്രമത്തെ പ്രാത്സാഹിപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ യുവത്വത്തിന്റെ ഊർജം ഇരുമുന്നണികളും നഷ്ടപ്പെടുത്തുകയാണ്.

കേരളത്തിൽ പരസ്പരം മത്സരിക്കുന്നതായി അഭിനയിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ഡൽഹിയിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കും. എൽ.ഡി.എഫ്- യു.ഡി.എഫ് എന്ന ആവർത്തന വിരസതയ്ക്ക് അവസാനമുണ്ടായേലേ കേരളം രക്ഷപ്പെടൂ. റബർ കർഷകർ ബുദ്ധിമുട്ടിലാണ് . പത്തൊൻപതാം നൂറ്റാണ്ടിനേക്കാൾ പിന്നിലാണ് യു.ഡി.എഫ്. കാലഹരണപ്പെട്ട ആശയങ്ങളാണ് എൽ.ഡി.എഫിന്റേത്. സ്വർണത്തിന്റെ പേരിലുള്ള കൊള്ളയാണ് എൽ.ഡി.എഫ് നടത്തിയത്. സോളാറിന്റെ പേരിൽ യു.ഡി.എഫും നാട് കൊള്ളയടിച്ചു. കേരള ജനതയുടെ സഹകരണം കിട്ടിയാൽ ഇത്തരം കൊള്ളകൾ താൻ അവസാനിപ്പിക്കും.

കഴിഞ്ഞ തവണ രണ്ടക്ക ശതമാനം വോട്ടുകളാണ് കേരളം ബി.ജെ.പി.ക്ക് തന്നത്. ഇത്തവണ രണ്ടക്ക സീറ്റാണ് ഉണ്ടാവാൻ പോകുന്നത്.കോൺഗ്രസിനെയും സി.പി.എമ്മിനെയും കൈവിട്ട സംസ്ഥാനങ്ങൾ ഒരിക്കലും അവരെ തിരിച്ചുകൊണ്ടുവന്നിട്ടില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസ് 1962ലാണ് അവസാനമായി തിരഞ്ഞെടുപ്പിൽ ജയിച്ചത്. യു.പിയിലും ഗുജറാത്തിലും ബംഗാളിലും നാലു പതിറ്റാണ്ട് മുമ്പ് കോൺഗ്രസ് ഭരണത്തിൽ

നിന്ന് പുറത്തായി.ത്രിപുരയിലും ബംഗാളിലും സി.പി.എമ്മിന് എത്ര സീറ്റുണ്ടായിരുന്നതാണ്. ജനങ്ങൾ അവരെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു.

ക്യാമ്പസുകൾ

ഗുണ്ടാ താവളം

കേരളത്തിലെ നിരവധി കാമ്പസുകൾ കമ്യൂണിസ്റ്റ് ഗുണ്ടകളുടെ താവളമായി മാറിയെന്ന് നരേന്ദ്ര മോദി ആരോപിച്ചു.കേരളത്തിൽ നിയമ സംവിധാനം തകർന്നു. ക്രിസ്ത്യൻ പുരോഹിതർ അക്രമത്തിന് ഇരകളാകുന്നു. കേരളം പുരോഗമന വാദികളുടെ നാടാണ്. പക്ഷെ, മുത്തലാഖിനെതിരായ നിയമത്തെയും, ഒ.ബി.സി കമ്മീഷനെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകാനായി കൊണ്ടുവന്ന നിയമത്തെയും എതിർത്തവരാണ് യു.ഡി.എഫും എൽ.ഡി.എഫും.

' സ്വാമിയേ ശരണം അയ്യപ്പാ' എന്ന് വിളിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. പത്തനംതിട്ടയിലെ സഹോദരീ സഹാേദരൻമാരെ എന്നു അഭിസംബോധന ചെയ്ത മോദി ജില്ലയിൽ കേന്ദ്ര പദ്ധതികൾ നടപ്പാക്കിയതിന്റെ കണക്കുകളും അവതരിപ്പിച്ചു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. എൻ.ഡി.എ. സ്ഥാനാർത്ഥികളായ അനിൽ ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭാ സുരേന്ദ്രൻ (ആലപ്പുഴ), വി.മുരളീധരൻ (ആറ്റിങ്ങൽ), തുഷാർ വെള്ളാപ്പള്ളി (കോട്ടയം) എന്നിവരും,പദ്മജ വേണുഗോപാൽ ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു.