
പത്തനംതിട്ട: കോട്ടയത്ത് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അറിയിച്ചു. പത്തനംതിട്ടയിൽ നടന്ന എൻ.ഡി.എ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആറന്മുള കണ്ണാടി ഉപഹാരമായി നൽകാൻ ക്ഷണിച്ചപ്പോഴും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തിയപ്പോഴുമാണ് തുഷാർ വെള്ളാപ്പള്ളിയെ കോട്ടയം സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാറും വേദിയിലുണ്ടായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്ന് നിരവധി ബി.ഡി.ജെ.എസ് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.