പെരിങ്ങനാട്: പൂച്ചയെ എടുക്കാൻ കിണറ്റിലിറങ്ങിയ ആൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു. പഴകുളം കിഴക്ക് സുജാ ഭവനം മോഹനൻ (55) ആണ് അപകടത്തിൽപ്പെട്ടത്. അൻപത് അടിയോളം താഴ്ചയുള്ള കിണറ്റിലെ ചെളിയിൽ തല താഴ്ന്നുകിടന്ന ഇയാളെ ഫയർഫോഴ്സെത്തിയാണ് കരയ്ക്കു കയറ്റിയത്. പെരിങ്ങനാട് ചാല ഷീലാ സദനത്തിൽ നടരാജന്റെ കിണറ്റിലാണ് ഇന്നലെ പൂച്ച വീണത്. കിണറ്റിലിറങ്ങുന്നതിനിടെ മോഹനൻ കുഴഞ്ഞ് വീഴുകയായിരുന്നു.
നാട്ടുകാരനായ രഞ്ചിത്ത് കിണറ്റിൽ ഇറങ്ങി മോഹനനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വായു കുറവായതിനാൽ കിണറിനുള്ളിൽ കൂടുതൽ നേരം.നിൽക്കാൻ കഴിഞ്ഞില്ല. കിണറ്റിലെ ചെളിയിൽ തല താഴ്ന്നു കിടന്ന മോഹനന്റെ തല നിവർത്തി നിറുത്തിയ ശേഷം രഞ്ജിത്ത് കരയ്ക്ക് കയറി.
വിവരമറിഞ്ഞ് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഇ.മഹേഷിന്റെ നേതൃത്വത്തിൽ അടൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി. കിണറ്റിൽ ശുദ്ധവായു കുറവായതിനിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സന്തോഷ് ശ്വസനോപകരണത്തിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങി
മൃതപ്രായനായി കിടന്ന മോഹനനെ നെറ്റ് ഉപയോഗിച്ച് കരയ്‌ക്കെടുത്തു.വായിലും മൂക്കിലും ചെളി കയറി ബോധരഹിതനായിരുന്നു ഇയാൾ.
പ്രഥമ.ശ്രുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫീസർമാരായ അജീഷ് എം സി, എം ആർ ശരത്, സി റെജി, എം ജെ മോനച്ചൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.