chengara-

കോന്നി: ചെങ്ങറ സമരഭൂമിയിലെ താമസക്കാർക്ക് വോട്ടില്ല. അതുകൊണ്ടുതന്നെ വോട്ട് ചോദിച്ച് സ്ഥാനാർത്ഥികളും വരില്ല. വോട്ടവകാശമില്ലാത്ത നിർദ്ധന കുടുംബങ്ങളുടെ പരാതികളും സങ്കടങ്ങളും അധികൃതർക്കും കേൾക്കണ്ട. ഇൗ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിന് എത്താത്ത ഏക സ്ഥലമാകും ചെങ്ങറ സമരഭൂമി. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂസമരമായിരുന്നു ചെങ്ങറ സമരം. ഹാരിസൺ മലയാളം പ്ളാന്റേഷന്റെ ഭൂമി പിടിച്ചെടുത്ത് ഇവിടെ താമസം തുടങ്ങിയ അറുനൂറിലധികം കുടംബങ്ങളുണ്ട്. ഇവിടുത്തെ 2500 പേർക്കാണ് വോട്ട് ചെയ്യാൻ കഴിയാത്തത്. സ്വന്തമായി റേഷൻ കാർഡും വോട്ടർ ഐ ഡി കാർഡും ആധാർകാർഡും ഇല്ലാത്ത ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല. കഴിഞ്ഞ 17 വർഷമായി ഇവർ സർക്കാർ രേഖകളുടെ പുറത്താണ്. ഇവർ താമസിക്കുന്ന സ്ഥലം ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ സ്ഥലമായതിനാലാണ് ഇവർക്ക് രേഖകൾ ലഭിക്കാത്തത്. ഹാരിസൺസ് മലയാളം പ്ളാന്റേഷന്റെ പാട്ട ക്കാലാവധി കഴിഞ്ഞ കുമ്പഴത്തോട്ടത്തിൽ 2007 ആഗസ്റ്റ് നാലിനാണ് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ഭൂരഹിതർ കുടിൽ കെട്ടി സമരം തുടങ്ങിയത്. വ്യത്യസ്തമായ സമർ മാർഗങ്ങളിലൂടെ സംസ്ഥാനതലത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ സമരമായിരുന്നു ഇത്.

മേധാപട്കറും അരുന്ധതിറോയിയും അടക്കമുള്ള ദേശീയ മനുഷ്യാവകാശ പ്രവർത്തകരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ചെങ്ങറയിൽ എത്തി. സമരത്തെ തുടർന്ന് ഇവർക്കായി സർക്കാർ നടപ്പാക്കിയ പദ്ധതി വിജയിച്ചില്ല. മൺകട്ടകൊണ്ട് നിർമ്മിച്ച വീടുകൾക്ക് ടാർപ്പാളിൻ വലിച്ചുകെട്ടിയ മേൽക്കൂരയാണ്. സമീപ പ്രദേശങ്ങളിൽ കൂലിപ്പണി ചെയ്താണ് ഉപജീവനം നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല.

പരാജയപ്പെട്ട ചെങ്ങറ പാക്കേജ്

2009ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിൽ സമരക്കാരുമായി നടത്തിയ ചർച്ചയിൽ ചെങ്ങറ പാക്കേജ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്ക് ഭൂമി അനുവദിച്ചു. ഭൂമിലഭിച്ച പലകുടുംബങ്ങളും ഇവിടം വിട്ടുപോയപ്പോൾ പലരും പുതുതായി ഇവിടെ വന്നു. സർക്കാർ നൽകിയ ഭൂമി വാസയോഗ്യമല്ല എന്ന കാരണത്താൽ പലരും തിരികെ വന്നു. സമരഭൂമിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മൂലം സമര നേതാവ് ളാഹ ഗോപാലനും ഇവിടെനിന്ന് പുറത്തുപോകേണ്ടി വരികയും രോഗബാധിതനായ പിന്നീട് മരിക്കുകയും ചെയ്തു.

------------------

സമരം തുടങ്ങിയത് 2007 ആഗസ്റ്റ് 4ന്

കൈയേറിയത് പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ദുരിത ജീവിതത്തിൽ കഴിയുന്നത് അറുനൂറിലധികം കുടുംബങ്ങൾ

വോട്ടില്ലാത്തത് 2500 പേർക്ക്

----------------

" 2018 ൽ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സമരഭൂമിയിലെ താമസക്കാർക്ക് സർക്കാർ രേഖകൾ നൽകാൻ തീരുമാനമെടുത്തിരുന്നു പിന്നീട് നടപടി ഉണ്ടായില്ല

തേക്കുതോട് വിജയൻ, ചെങ്ങറ സമര സമിതി നേതാവ്