തിരുവല്ല: മീനച്ചൂടിന്റെ കാഠിന്യത്തിലും തീപ്പന്തത്തിന്റെ രാത്രി വെളിച്ചത്തെ സാക്ഷിയാക്കി പടയണിക്കളത്തിൽ ചടുലതാളം തീർത്ത് കാലൻ കോലങ്ങൾ കളം നിറഞ്ഞാടുകയാണ്. പുതുക്കുളങ്ങര വലിയ പടയണിയുടെ ഏഴാം ദിവസം പിന്നിടുമ്പോൾ തിരുവാതിര നാളിലെ മഹാഭൈരവിക്കോലത്തിന്റെ ഒരുക്കങ്ങളും തകൃതിയായി പുരോഗമിക്കുകയാണ്. രോഗപീഢകൾ ഒഴിക്കാനായി മറുതാക്കോലങ്ങളുടെ വഴിപാടും പുതുക്കുളങ്ങര പടയണിയിൽ നടന്നുവരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കരി മറുതാക്കോലങ്ങൾ കളം നിറഞ്ഞാടി. അമ്മ സങ്കല്പത്തിലുള്ള കോലമായാണ് കരിമറുതക്കാലത്തെ കരുതുന്നത്. വസൂരിയെ അകറ്റാനുള്ള പ്രാർഥനയായാണ് മറുതാക്കോലങ്ങളെ പാടിത്തുള്ളി അവതരിപ്പിക്കുന്നത്. കൈലാസ മാമല മേൽനിന്ന് കാലകേശി മറുത വന്നേ എന്ന് പാടി പതിഞ്ഞ താളത്തിൽ തുടങ്ങി ചടുലതാളത്തിലേക്ക് മാറുന്ന കരിമറുതക്കോലങ്ങൾ മുറവും ഉലക്കയും ഏന്തിയാണ് കളത്തിലെത്തുന്നത്. മറുതാക്കോലങ്ങൾ തിരുവാതിര കളിക്കുന്നതും അവതരണത്തിലെ മറ്റൊരു നാടകീയതയാണ്. "പങ്കജാക്ഷൻ കടൽ വർണൻ" തുടങ്ങിയ തിരുവാതിരപ്പാട്ടുകളാണ് മറുതയുടെ തിരുവാതിരകളിയിൽ പാടുന്നത്. "പിത്തം പനിയുഷ്ണം വിയർപ്പും ചൂടും പീഢവരുത്താതെ പൊറുക്കണം മറുതമാരേ" എന്നാണ് പാട്ടിലൂടെയുള്ള മറ്റൊരു പ്രാർഥന.കരിമറുതാക്കോലങ്ങൾ മുറംകൊണ്ട് പാറ്റിയും ഉലക്കകൊണ്ട് നെല്ല് കുത്തിയും കുഞ്ഞിനെ പാലൂട്ടിയും നാടകീയമായ പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. നർമ്മവും ഭക്തിയും നാടകീയതയും നിറഞ്ഞ കരിമറുതക്കൂട്ടങ്ങൾ 18ന് നടക്കുന്ന സമാപന പടയണിയിലും കളംനിറയും.