
പത്തനംതിട്ട: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വം നിർണയിക്കുന്നതിന് മതം അടിസ്ഥാനമാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യം ഉയർത്തിപ്പിടിച്ചിട്ടുള്ള മതേതരത്വമൂല്യങ്ങൾക്ക് എതിരുമാണ്. ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഈ നിയമം നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിൽ. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രീം കോടതിയിൽനിന്നേറ്റ തിരിച്ചടി ജനശ്രദ്ധയിൽനിന്ന് മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ധൃതി പിടിച്ച് പൗരത്വ ഭേദഗതി നിയമം ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതെന്നും ഇത്തരം നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഒരുമിച്ചണിനിരക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ജി.ബിനുകുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ അദ്ധ്യക്ഷനായി.
നാളെ നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യും.