പത്തനംതിട്ട: നിർമ്മാണം പുരോഗമിക്കുന്ന അമൃത് 2.0 പദ്ധതിയിൽ 8 കോടി 70 ലക്ഷം രൂപയ്ക്കുകൂടി അനുമതി ലഭിക്കുന്നതിന് അമൃത് കേരള സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റ് യൂണിറ്റ് ഡയറക്ടർക്ക് ഡി.പി.ആർ സമർപ്പിച്ചതായി നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ അറിയിച്ചു. സംസ്ഥാന മിഷൻ പദ്ധതിക്ക് അംഗീകാരം നൽകി. അടുത്ത സംസ്ഥാനതല സാങ്കേതിക സമിതി യോഗത്തിൽ പദ്ധതി പരിഗണിക്കും. ആദ്യഘട്ടത്തിൽ 21 കോടി രൂപയാണ് നഗരസഭയ്ക്ക് ലഭിച്ചത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പൈപ്പ് ലൈനുകൾ നീട്ടുന്നതിനും പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിനും ആണ് ഈ തുക വിനിയോഗിക്കുന്നത്. ദിവസവും 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ കഴിയുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടന്നുവരികയാണ്. ഇൻ ടേക്ക് കിണറിന്റെ നവീകരണവും കളക്ഷൻ ചേമ്പർ നിർമ്മാണവും പൂർത്തിയായി. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പരുവപ്ലാക്കൽ, പൂവൻപാറ, വഞ്ചികപൊയ്ക എന്നീ സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി വാട്ടർ ടാങ്കുകളും അനുബന്ധ സൗകര്യവും ഒരുക്കുന്നതിനാണ് പുതിയ ഡി.പി.ആർ സമർപ്പിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് മുൻപ് അനുവദിച്ച 21 കോടി രൂപ തികയാത്തതിനാൽ ആണ് 8.70 കോടിയുടെ പുതിയ ഡി.പി.ആർ സമർപ്പിച്ചത്.

ആദ്യഘട്ടത്തിൽ തന്നെ 700 വീടുകൾക്ക് കണക്ഷൻ നൽകും. പ്രധാന ജലസ്രോതസായ അച്ചൻകോവിൽ ആറ്റിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജല ദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

.........................................

അനുവദിച്ചത് 21 കോടി

ആദ്യഘട്ടത്തിൽ തന്നെ 700 വീടുകൾക്ക് കണക്ഷൻ

ദിവസവും 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യും

...............

ടാങ്ക് നിർമ്മിക്കുന്നതിന് മൂന്നു സ്ഥലങ്ങളിലും സ്ഥലം ലഭ്യമായിട്ടുണ്ട്. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറായി വരുകയാണ്. അമൃത് പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.

അഡ്വ. ടി. സക്കീർ ഹുസൈൻ

(പത്തനംതിട്ട നഗരസഭാ ചെയർമാൻ)​