
തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ നവീകരണം അത്യന്തതാപേക്ഷിതമാണെന്നും കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കുമെന്നും ഫണ്ടിന് ക്ഷാമമുണ്ടാകില്ലന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. കായികരംഗത്തുള്ളവരുമായി ചർച്ചകൾ നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. തിരുവല്ലയിലെ മുഖാമുഖം പരിപാടിയിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷന് മുൻഗണന നൽകും. മഞ്ഞാടിയിലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഐ.ടി പാർക്ക് വികസിപ്പിക്കും. മതന്യൂനപക്ഷങ്ങൾക്ക് നേരെ എവിടെ അക്രമണങ്ങൾ ഉണ്ടായാലും അവിടെയെല്ലാം ഓടിയെത്തും. ചോദിക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ ഇതിനെല്ലാം കുറവുണ്ടാകുമെന്നും പൊതുജനങ്ങൾ ഉന്നയിച്ച ആശങ്കകൾക്ക് തോമസ് ഐസക് മറുപടി നൽകി. ഇന്നലെ തിരുവല്ല അസംബ്ലി മണ്ഡത്തിലെ എട്ടു കേന്ദ്രങ്ങളിലാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. രാവിലെ വെണ്ണിക്കുളത്ത് ഭാസ്കരന്റെ വസതിയിൽ നിന്നാണ് ആരംഭിച്ചത്. മല്ലപ്പള്ളി ട്രിനിറ്റി ഹാൾ, കുന്നന്താനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, തിരുവല്ല ഗവ.എംപ്ലോയിസ് സഹകരണ ബാങ്ക് ആഡിറ്റോറിയം, നെടുമ്പ്രം മലയിത്ര എസ്.എൻ.ഡി.പി ഹാൾ, പെരിങ്ങര ഇളമൺ ഹെറിറ്റേജ്, കടപ്ര ജോർജ്കുട്ടിയുടെ വസതി, നിരണം വൈ.എം.സി.എ എന്നിവിടങ്ങളിൽ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു. മാത്യു ടി.തോമസ് എം.എൽ.എ, എൽ.ഡി.എഫ് മണ്ഡലം കൺവീനർ ആർ.സനൽകുമാർ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ, സി.പി.എം ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസ് എന്നിവരും പങ്കെടുത്തു.