
പന്തളം:കീരുകുഴി നോമ്പിഴി ഗവ.എൽ.പി സ്‌കൂളിലെ പഠനോത്സവവും വാർഷികവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നാടൻ പാട്ടുകലാകാരനായ സുനിൽ വിശ്വം കലാപരിപാടികൾ ഉദ്ഘാടനംചെയ്തു. വിവിധ മേഖലകളിൽ വിജയിച്ച കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർപേഴ്‌സൺ ലാലി ജോൺ മുഖ്യ പ്രഭാഷണം നടത്തി. സർവീസിൽ നിന്ന് വിരമിക്കുന്ന പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ശ്രീലത, ചിത്രകാരൻ അശോക് കുമാർ, മൃദംഗ കലാകാരൻ വിജയൻ തട്ടയിൽ എന്നിവരെ ആദരിച്ചു.