transformar
തകരാറിലായ അട്ടച്ചാക്കൽ മണിയൻപാറ ട്രാൻസ്‌ഫോർമർ

കോന്നി: തകരാറിലായ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ തയാറാകാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. അട്ടച്ചാക്കൽ മണിയൻപാറ ട്രാൻസ്ഫോർമറാണ് രണ്ടാഴ്ചയായി തകരാറിലായത്. ഇതേ തുടർന്ന് വഞ്ചിപ്പടി മുതൽ കൊല്ലത്ത് മണ്ണിലേക്കും മണിയൻപാറയിലും വൈദ്യുതി മുടക്കവും വോൾട്ടേജ് വ്യതിയാനവും ഉണ്ടായിരുന്നു. പലതവണ ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാറ്റി സ്ഥാപിക്കാൻ ട്രാൻസ്ഫോർമർ സെക്ഷൻ ഓഫീസിൽ ലഭ്യമല്ലെന്നാന്ന് അധികൃതരുടെ വിശദീകരണം. നിലവിൽ മണിയൻപാറ ട്രാൻസ്ഫോർമറിലെ കണക്ഷനുകളും അട്ടച്ചാക്കൽ നമ്പർ 2 ട്രാൻസ്ഫോർമറിൽ നിന്നും നൽകിയിരിക്കുകയാണ്. അതിനാൽ വൈകുന്നേരങ്ങളിൽ വോൾട്ടേജ് കുറവും വ്യതിയാനവും ഉണ്ടാകുന്നു. ഇത് ഗൃഹോപകരണങ്ങൾ തകരാറിലാകുന്നതിനും കാരണമാകുന്നു. മണിയൻപാറ ട്രാൻസ്ഫോർമറിൽ 300 ഉപഭോക്താക്കളും അട്ടച്ചാക്കൽ ട്രാൻസ് ഫോർമറിൽ 250 ഉപഭോക്താക്കളുമുണ്ട്. മണിയൻപാറ ട്രാൻസ്ഫോർമർ പരിധിയിൽ ജലനിധിയുടെ പമ്പ് ഹൗസും, വാണിജ്യ കണക്ഷനുകൾ നാലിൽ അധികവുമുണ്ട്. വോൾട്ടേജ് കുറവു വരുന്നത് ഇവയുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. മണിയൻ പാറ, കൊല്ലേത്തുമൺ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായാണ് ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചത്. പരീക്ഷ സമയമായതിനാൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം വിദ്യാർത്ഥികളെയും ബാധിക്കുന്നതായി ആരോപണമുണ്ട്. തകരാറിലായ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.