ചെങ്ങന്നൂർ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ കടുത്ത പോരാട്ടത്തിലാണ് മുന്നണികൾ. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാകുന്നത്. എൽ.ഡി.എഫിലെ സി.അരുൺകുമാറും എൻ.ഡി.എയിലെ ബൈജു കലാശാലയും യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷും പ്രചാരണത്തിൽ സജീവാണ്. തുടർച്ചയായി മൂന്ന് തവണ യു.ഡി.എഫിലെ കൊടിക്കുന്നിൽ സുരേഷാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത് .ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുണ്ട് മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്. മൂന്ന് ജില്ലകളിലായാണ് മണ്ഡലം. കൊല്ലം ജില്ലയിലെ പത്തനാപുരം, കുന്നത്തൂർ. കൊട്ടാരക്കര, ആലപ്പുഴ ജില്ലയിലെ മാവേലിക്കര , ചെങ്ങന്നൂർ, കുട്ടനാട്, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
2019ൽ എൽ.ഡി.എഫിലെ ചിറ്റയം ഗോപകുമാറിനെ 61138 വോട്ടിനാണ് കൊടിക്കുന്നിൽ പരാജയപ്പെടുത്തിയത്. മുൻ വർഷങ്ങളിലെ നേട്ടം കൊടിക്കുന്നിൽ ഇത്തവണയും കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. കേന്ദ്രവിരുദ്ധ വികാരവും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
നരേന്ദ്രമോദിയുടെ പ്രഭാവം മണ്ഡലത്തിൽ ശക്തമായ പ്രതിഫലിക്കുമെന്നും മികച്ച വിജയം നേടാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് എൻ.ഡി.എ.
-------------
കൊടിക്കുന്നിൽ സുരേഷ്
ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്,അതുകൊണ്ട് മാത്രമാണ് സിറ്റിംഗ് സീറ്റിൽ മറ്റൊരാളെ പാർട്ടി പരീക്ഷിക്കാതിരുന്നത്.നരേന്ദ്രമോദിയെ ചെറുക്കാൻ കോൺഗ്രസിന്റെ ശക്തി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് . ലോക്സഭാ മണ്ഡലത്തിൽ നാലാമതും വിജയിക്കും എന്നത് ഉറപ്പാണ് മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളും കൈവെള്ള പോലെ അറിയാം എന്നെ ഒരു കുടുംബാംഗമെന്ന പോലെയാണ് വോട്ടർമാർക്ക് കാണുന്നത്.
സി അരുൺകുമാർ
ഇക്കുറി എൽ.ഡി.എഫിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്,വികസന മുരടിപ്പാണ് മാവേലിക്കരയിലെങ്ങും അനുഭവപ്പെടുന്നത്.കേന്ദ്രസർക്കാരിന്റെ ജനദ്രോഹപരമായ നിലപാടുകൾക്കെതിരെ വിധിയെഴുത്ത് ഉണ്ടാകുന്നതിനോടൊപ്പം സംസ്ഥാനം ഭരിക്കുന്ന ഇടതു സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടി ആയിരിക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയം.
ബൈജു കലാശാല
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ജനങ്ങൾ ഇത്തവണ മാറിച്ചിന്തിക്കും.അച്ചടക്കത്തോടു കൂടിയുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് എൻ,ഡി.എ നടത്തുന്നത്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ വികസ പ്രവർത്തനങ്ങളടെ പ്രയോജനം മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്,നരേന്ദ്രമോദിയുടെ സ്വീകാര്യത കേരളത്തിൽ വർദ്ധിച്ചു. അതിന്റെ തെളിവായി എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിജയം മാറും.