
പത്തനംതിട്ട : ഇന്നലത്തെ താപനില പതിവിലും കൂടുതലായിട്ടും തിരഞ്ഞെടുപ്പ് പോരിനെ ഒട്ടും തളർത്തിയില്ല. അവധി ദിവസങ്ങളിലാണ് സ്ഥാനാർത്ഥികൾക്കും പാർട്ടി നേതാക്കൾക്കും കൂടുതൽ പരിപാടികൾ. ഞായറാഴ്ച
ക്രിസ്ത്യൻ ദേവാലയങ്ങളിൽ വിശ്വാസികൾ കൂടുതലായി എത്തും.
ഹിന്ദു ക്ഷേത്രങ്ങളിൽ ഉത്സവകാലമാണ്. ഇവിടങ്ങളിലെല്ലാം സ്ഥാനാർത്ഥികൾ ഓടിയെത്തണം. ഇന്നലത്തെ പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ വെള്ളം കുടിച്ച് ഓട്ടത്തിലായിരുന്നു സ്ഥാനാർത്ഥികളും നേതാക്കളും. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും എൻ.ഡി.എയുടെ അനിൽ ആന്റണിയും വിവിധ ദേവാലയങ്ങളിൽ ആരാധനകളിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് ഉച്ചവരെ പ്രമുഖരുമായി കൂട്ടിക്കാഴ്ച നടത്തി.
2004 ആവർത്തിക്കും: തോമസ് ഐസക്ക്
ബി.ജെ പി യെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താൻ മതനിരപേക്ഷ സർക്കാർ എന്നതാണ് ലക്ഷ്യമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. തിരുവല്ലയിൽ നടന്ന ആർ.ജെ.ഡി മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും. ഒന്നാം യു.പി.എ സർക്കാരിന്റെ പ്രവർത്തനങ്ങളും രണ്ടാം യു.പി.എ സർക്കാരിന്റെ പ്രവർത്തനങ്ങളും താരതമ്യം ചെയ്താൽ ഇടത് പക്ഷത്തിന്റെ പ്രസക്തി വ്യക്തമാകും. ഇടത് പിൻതുണ ഇല്ലാതിരുന്ന രണ്ടാം യു.പി.എ സർക്കാർ തിരിച്ചുവരവ് പോലും അസാദ്ധ്യമായ രീതിയിൽ തകർന്നടിഞ്ഞു. അഴിമതിയുടെ കൂത്തരങ്ങ് ആയി. 2024ൽ ബി.ജെ.പി വിരുദ്ധ ബദൽ സർക്കാർ വരുമ്പോൾ ഇടത് നിലപാടിൽ ഉറച്ചുനിന്ന് ചില തിരുത്തലുകൾക്ക് ഇടതുപക്ഷം നേതൃത്വം നല്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രി നീലലോഹിതദാസൻ നാടാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡോ.വർഗീസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.
സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്ത്
പൊൻകുന്നം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കും തിരഞ്ഞെടുപ്പിലെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളിയിലെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ പറഞ്ഞു.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സി.വി.തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി.എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനീ എന്നിവർ പ്രസംഗിച്ചു.
ദേവാലയങ്ങൾ സന്ദർശിച്ച് അനിൽ ആന്റണി
പത്തനംതിട്ട : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി റാന്നി നിയമസഭാ മണ്ഡലത്തിലെ പര്യടന വേളയിൽ ഐത്തല സെന്റ് കുര്യാക്കോസ് ചർച്ച് സന്ദർശിച്ചു. ക്നാനായ സമുദായ മെത്രപ്പോലീത്ത കുര്യാക്കോസ് മോർ സെവേറിയോസ്, ക്നാനായ കോൺഗ്രസ് പ്രസിഡന്റ് ഫാ.ജേക്കബ് കല്ലുംകുളം എന്നിവരുടെ അനുഗ്രഹം തേടി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തുമ്പമൺ ഭദ്രാസനത്തിന് കീഴിലുള്ള കോഴഞ്ചേരി സെന്റ് മാത്യൂസ് ഓർത്തോഡക്സ് വലിയ പള്ളിയിൽ നവീകരിച്ച ദേവാലയത്തിന്റെ ശുചീകരണവും കത്തോലിക്കാ ദിനാചരണവും നടക്കുന്ന ചടങ്ങുകൾക്കായി എത്തിയ കത്തോലിക്കാ ബാവയെയും തിരുമേനിമാരെയും സ്വീകരിക്കുന്നതിന് വിശ്വാസികൾക്കൊപ്പം പങ്കുചേർന്നു.