ulsavabali

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് ഉത്സവബലി ആരംഭിച്ചു. ഇന്നലെ രാവിലെ ഉഷ:പൂജയ്ക്കും ഉച്ചപൂജയ്ക്കും ശേഷമാണ് ഉത്സവബലി നടന്നത്. ദേവനെ ശ്രീകോവിലിന് തെക്കുഭാഗത്ത് ഗണപതികോവിലിന് മുന്നിൽ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തിലേക്ക് ആവാഹിച്ചിരുത്തി. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നു. 24ന് ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും. 25നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. ഉച്ചയ്ക്ക് പമ്പയിൽ നടക്കുന്ന ആറാട്ടിനശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നള്ളും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. തുടർന്ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും. ഉത്സവത്തോടനുബന്ധിച്ച് ദിവസവും കൊടിമരച്ചുവട്ടിലും ആറാട്ടുദിനമായ 25ന് പമ്പയിലും പറവഴിപാട് നടത്താനാകും.