garbage-
എ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം വഴിയരികിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ചെരുപ്പുകളും നാളുകളായി നിരന്ന് കിടക്കുന്ന നിലയിൽ

ചെങ്ങന്നൂർ: മാവേലിക്കര - കോഴഞ്ചേരി റോഡരികിൽ നിറയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിക്ക് സമീപം പ്ലാസ്റ്റിക് കവറുകളും ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച ചെരുപ്പുകളും .. ഹരിത കർമ്മസേന പണം വാങ്ങി പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ടെങ്കിലും ഉപയോഗ ശൂന്യമായ ചെരുപ്പ്, ഇലക്ട്രോണിക്ക് മാലിന്യം ചില്ല് കുപ്പികൾ മുതലായവ എടുക്കാറില്ല. ഈ കാരണം പറഞ്ഞ് കച്ചവട സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക്ക് കവറുകൾ, പഴയ ചെരുപ്പ് എന്നിവ ഉൾപ്പെടെയുളള ഖരമാലിന്യങ്ങൾ ഇവർ റോഡരികൽ അലക്ഷ്യമായി ഉപേക്ഷിക്കുകയാണ്. പൊതുനിരത്തിൽ ഇത്രയും അധികം ഖരമാല്യന്യങ്ങൾ മീറ്ററുകളോളം നീളത്തിൽ നിരന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. ശക്തമായ കാറ്റ് വീശുമ്പോൾ പ്ലാസ്റ്റിക് കവറുകളും മറ്റും പറന്ന് നടക്കുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സമീപമുള്ള സ്കൂളിലേക്ക് കുട്ടികൾ നടന്നു പോകുന്നത് ഇതുവഴിയാണ്. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കാൻ കഴിയുമെങ്കിലും ഇതിന് നടപടിയില്ല. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ച്ചയാണ് ഇത്തരം മാലിന്യങ്ങൾ തള്ളാൻ കാരണമെന്നാണ് ആക്ഷപം.

മാലിന്യം കിടക്കുന്നതിനാൽ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.. സമീപത്തെ കച്ചവട സ്ഥാപനങ്ങളിലെ സി.സി. ടി.വി ക്യാമറകൾ പരിശോധിച്ച് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണം.

മാത്യു വർഗീസ്, മൂലപ്പടവ്