തിരുവല്ല: ഓതറ - പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ ഇന്ന് സമാപിക്കും. സമാപന പടയണി ചടങ്ങുകൾ ഇന്ന് രാത്രി ആരംഭിച്ച് നാളെ പുലർച്ചെ അവസാനിക്കും. നാളെ പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത മഹാഭൈരവിക്കോലം കളത്തിലെത്തും. ഇന്നലെ രാത്രി മുതൽ മഹാഭൈരവിക്കൊലം വരയ്ക്കുന്ന ജോലികൾ ആരംഭിച്ചു. വരയ്ക്കുന്ന പാളകൾ തുന്നിച്ചേർക്കുന്നതിനായി കമുകിൻ വാരികളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം തയാറാക്കുന്ന ജോലികളും ഇന്നലെ മുതൽ ആരംഭിച്ചു. ഇന്ന് രാത്രി അന്തരയക്ഷിക്കോലവും 101 പാളയുടെ ഭൈരവിക്കോലവും സമാപന പടയണിയിൽ എത്തും. പുതുക്കുളങ്ങര ദേവിയുടെ എഴുന്നള്ളത്തും ഇന്നാണ്. രാവിലെ മുതൽ ക്ഷേത്രത്തിൽ നിറപറ സമർപ്പണം. രാവിലെ 7ന് ഭാഗവതപാരായണം, 9ന് നവകം, തുടർന്ന് ഉച്ചപൂജ ശ്രീഭൂതബലി, സോപാന സംഗീതം എന്നിവ നടക്കും. വൈകുന്നേരം കാഴ്ചശ്രീബലി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പഴയകാവിൽ നിന്നുള്ള കാളകെട്ട് ഘോഷയാത്രയും പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് വൈകുന്നേരത്തോടെ എത്തും. കൊടിക്കൂറയും ഘോഷയാത്രകളും ഇന്ന് വൈകിട്ടോടെ ക്ഷേത്രത്തിലെത്തും. 5.30ന് വാണിയക്കോലം. 6ന് തിരുവാതിരക്കളി. 6.30ന് പഞ്ചാരിമേളം. എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം വേലകളിയും തുടർന്ന് സേവയും കേളികൊട്ടും. രാത്രി വിളക്കിനെഴുന്നള്ളത്തിനുശേഷം തൻകരവരവ്, ബന്ധുക്കരവരവ്. തുടർന്ന് തപ്പുകൊട്ട്,കാപ്പൊലി,പുലവൃത്തം തുടങ്ങിയ ചടങ്ങുകളോടെ പടയണി ആരംഭിക്കും.പുലർച്ചെയോടെ മഹാഭൈരവിയും തുടർന്ന് മംഗളഭൈരവിയും തുള്ളി പൂപ്പടയോടെ ചടങ്ങ് അവസാനിക്കും.