18-village-office

അടൂർ: വില്ലേജ് ഓഫീസർ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയതിന് പിന്നാലെ ജില്ലാകളക്ടർ പ്രേം കൃഷ്ണൻ മരിച്ച വില്ലേജ് ഓഫീസറുടെ വീട് സന്ദർശിച്ചു. ഭാര്യയോടും മകളോടും സംസാരിച്ച ശേഷം മരിച്ച വില്ലേജ് ഓഫീസറുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. വില്ലേജ് ഓഫീസർമാരുടെ പരാതി ലഭിച്ചുവെന്നും ഇത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സമഗ്ര അന്വേഷണത്തിനായി കൈമാറിയതായും കളക്ടർ അറിയിച്ചു. കൂടാതെ വില്ലേജ് ഓഫീസർമാരുടെ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി. ആർ.ഡി.ഒയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറുമെന്നും കളക്ടർ പറഞ്ഞു.
കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് വീടുനുള്ളിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. മാർച്ച് 11നായിരുന്നു സംഭവം. അമിത ജോലിഭാരവും മാനസികസമ്മർദ്ദവും രാഷ്ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘർഷവുമാണ് മനോജിനെ ആത്മഹത്യചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ജില്ലാ കളക്ടർക്കൊപ്പം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തംഗം ജി.പ്രമോദ്, ഡെപ്യൂട്ടി തഹസീൽദാർ സജീവ്, പള്ളിക്കൽ വില്ലേജ് ഓഫീസർ പി.ടി.സന്തോഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.