തിരുവല്ല: അഖിലഭാരത ഭാഗവത മഹാസത്രത്തിൽ സ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സത്ര സമിതിയുടെ മേൽനോട്ടത്തിൽ ഹിന്ദു പുരാണങ്ങളിൽ അധിഷ്ഠിതമായ മത്സരങ്ങളാണ് നടത്തുക. പ്രശ്നോത്തരികൾ, ഉപന്യാസങ്ങൾ, പെയിന്റിംഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. യു.പി,എച്ച്എസ്, എച്ച്എസ്എസ് എന്നീ ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. മലയാള ഭാഷയിലാണ് ചോദ്യങ്ങളും ഉത്തരങ്ങളും നൽകേണ്ടത്.കുട്ടികൾ അവരവരുടെ സ്കൂളുകൾ മുഖേനയും മത്സരത്തിന്റെ കോർഡിനേറ്റർ മുഖേനയും 26ന് വൈകിട്ട് 5വരെ രജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്നവർ 27ന് രാവിലെ 9ന് മത്സര വേദിയായ കാവുംഭാഗം ഏറങ്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ എത്തിച്ചേരണം. പ്രശ്നോത്തരി വിഭാഗത്തിൽ ഭഗവത്ഗീത, ഭാഗവതം, രാമായണം, മഹാഭാരതം എന്നിവയുമായി ബന്ധപ്പെട്ടതും ഉപന്യാസം യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ശ്രീകൃഷ്ണലീലകൾ, ഗീതാസന്ദേശം, ദശരഥ മഹാരാജാവ് എന്നീ ഭാഗങ്ങളും ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കായി ലക്ഷ്മണോപദേശം, രാമായണത്തിലെ സഹോദര സ്നേഹം, ധൃതരാഷ്ട്രർ എന്നിവയും എച്ച്എസ്എസ് വിഭാഗത്തിലെ കുട്ടികൾക്കായി ഭീഷ്മോപദേശം, മഹാഭാരതയുദ്ധം, നിത്യജീവിതത്തിൽ ഭഗവത്ഗീത തത്വങ്ങൾക്കുള്ള പ്രസക്തി, ഗുരുദക്ഷിണ എന്നിവയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.