1

വനവിഭവങ്ങളുടെ ഒൗഷധക്കൂട്ടുകൾ വിപണിയിലെത്തിച്ച് ആദിവാസി യുവതി

മല്ലപ്പള്ളി : വനവിഭവങ്ങളുടെ ഒൗഷധക്കൂട്ടിലൂടെ സുജാത ചന്ദ്രൻ കണ്ടെത്തിയത് പുതിയ സംരംഭമാണ്. സുജാത ഒറ്റയ്ക്ക് നടത്തുന്ന ഇൗ സംരംഭത്തിന് ഇന്ന് പ്രിയമേറെ. സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്തയോടെ ഇങ്ങനെയൊരു ആലോചന തുടങ്ങുമ്പോൾ സുജാതയുടെ കൈകൾ ശൂന്യമായിരുന്നു. നാലാം ക്ലാസ് വരെ മാത്രം പഠിച്ച തനിക്ക് സ്വന്തമായി വരുമാനം കണ്ടെത്തണം എന്ന ഉറച്ച തീരുമാനം മാത്രമായിരുന്നു മൂലനധനം.

എഴുമറ്റൂർ വേലംപറമ്പ് അംബേദ്കർ കോളനി വീട്ടിൽ സുജാത ചന്ദ്രന്റെ ജീവിതം തൊഴിൽ തേടുന്നവർക്ക് മാതൃകയാണ്. കൂലി പ്പണിക്കാരനായ ഭർത്താവ് എ.വി. ചന്ദ്രനോട് ചോദിക്കാതെ അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നെടുത്ത 100 രൂപയിൽ നിന്നായിരുന്നു തുടക്കം. ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ലഭിച്ച 800 രൂപകൊണ്ട് അടിച്ചിപ്പുഴയിൽ നിന്ന് ആദിവാസി സൊസൈറ്റി വഴി വന വിഭവങ്ങൾ വാങ്ങി. ആദ്യ നാളുകളിൽ വീടുകൾ തോറും മരുന്നുകളുടെ വിപണനം നടത്തി.തുടർന്ന് ശ്രീഭദ്ര കുടുംബശ്രീയുമായി ബന്ധപ്പെടുത്തി സംരംഭ യൂണിറ്റ് വിപുലീകരിച്ചു. 2023 ജൂൺ 27 ന് അന്നത്തെ ജില്ലാ കളക്ടർ ഡോ. ദിവ്യ.എസ്. അയ്യരാണ്കാനനം വനവിഭവ യൂണിറ്റ് ഉദ്ഘാടനംചെയ്തത്. പഞ്ചായത്തംഗം കൃഷ്ണകുമാർ , സിഡിഎസ് ചെയർപേഴ്സൺ ഗീതാ ഷാജി, കുടുംബശ്രീ സിഡിഎസ് മെമ്പർ ശാന്തിനി .പി.എസ്, എഡിഎസ് പ്രസിഡന്റ് ജസീ റെജി, അംഗങ്ങളായ സ്മിതാ കുമാരി,രശ്മി രാജൻ,രജിത സജീവ്, ജയ.ജി.നായർ, അനിത ശശികുമാർ, ഗോമതിയമ്മ എന്നിവരും പിന്തുണ നൽകി.

3 സെന്റ് കോളനിയിൽ കഴിയുന്ന സുജാതയ്ക്ക് തന്റെ സംരംഭത്തെക്കുറിച്ച് ഏറെ സ്വപ്നങ്ങളുണ്ട്. മക്കൾ: ശരത്ത്, ശ്യാം.

കാട്ടുചേന മുതൽ

കൂട്ടുകുഴമ്പ് വരെ

വനമേഖലയായ നിലയ്ക്കൽ, അട്ടത്തോട്, മൂഴിയാർ എന്നിവിടങ്ങളിൽ നിന്ന് വനവിഭവങ്ങൾ ശേഖരിച്ച് ഇവ ഔഷധങ്ങളാക്കും. ഷുഗറിന് പൊൻകരണ്ടി , മൂത്രത്തിൽ കല്ലിന് കല്ലൂർവഞ്ചി ,മഴക്കാലപൂർവ രോഗങ്ങൾക്കും പകർച്ചവ്യാധികൾക്കുംകുന്തിരിക്കം,പൈൽസിന് കാട്ടുചേന ,വൻതേൻ,ചെറുതേൻ, കോൽതേൻ, നൊടിയൻതേൻ, പെരുന്തേൻ , ഉദരസംബന്ധമായ അസുഖങ്ങൾക്ക് കൂവപ്പൊടി,താരൻ തലവേദന ഉറക്കക്കുറവ് എന്നിവയ്ക്ക് 21 കൂട്ടം ഔഷധ സസ്യങ്ങൾ അടങ്ങുന്ന ധന്വന്തരി എണ്ണ ,വേദനസംഹാരിയായി ആദിവാസി കുട്ടു കുഴമ്പ്, രക്തശുദ്ധീകരണത്തിന് തേച്ചുകുളിക്കുന്നതിന് ഇഞ്ച എന്നിവയാണ് വിപണനത്തിനുള്ളത്. കുടംബശ്രീയുടെ കോട്ടയം, കൊല്ലം സരസ് മേളകൾ, കോഴിക്കോട് വനിതാ കോർപ്പറേഷൻ, തിരുവനന്തപുരം കേരളീയം പരിപാടി, പത്തനംതിട്ടയിലെ എന്റെ കേരളം പരിപാടി , ഡൽഹിയിലെ അതിജീവിക സരസ് മേള എന്നിവിടങ്ങളിൽ സുജാതയുടെ ഔഷധ വിപണനം ശ്രദ്ധേയമായി.

" പാരമ്പര്യസ്വത്തോ, സർക്കാർ ജോലിയോ ഉണ്ടെങ്കിൽ മാത്രമേ ജീവതമാകു എന്ന തോന്നൽ ഉപേക്ഷിക്കണം. മാന്യമായ ഏത് ജോലി ചെയ്തും വരുമാനം കണ്ടെത്തണം."

സുജാത ചന്ദ്രൻ