 
ജില്ലയിൽ സർക്കാർ ഒാഫീസുകളുടെ മുറ്റം പഴയ വാഹനങ്ങളുടെ ശ്മശാനഭൂമിയാണ്. പതിനഞ്ച് വർഷത്തെ കാലാവധി കഴിഞ്ഞ് നിരത്തിലിറക്കാൻ കഴിയാത്തവയും തകരാർ പരിഹരിക്കാനാകാത്തതുമാണ് പലതും. പൊളിച്ചുവിൽക്കാവുന്ന ചെറുതും വലുതുമായ നിരവധി വാഹനങ്ങളുണ്ട്. അടിയന്തര പ്രാധാന്യമുള്ള വകുപ്പുകൾ സ്വന്തമായി വാഹനങ്ങളില്ലാതെ വലയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു വിറ്റാൽ ചെറിയ വരുമാനമെങ്കിലുമാകും. പ്രധാന സർക്കാർ ഒാഫീസുകളിലെ വാഹനക്കാഴ്ചകളിലൂടെ...
പത്തനംതിട്ട : ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകൾ, വാക്സിൻ വാൻ, സഞ്ചരിക്കുന്ന ലബോറട്ടറി, ആംബുലൻസ്, മൂന്ന് ബൊലേറോ കാറുകൾ ഇങ്ങനെ പോകുന്നു കളക്ടറേറ്റ് പ്രവേശന കവാടത്തിലെ കാഴ്ചകൾ. ജില്ലയിലാകെ ആരോഗ്യവകുപ്പിന്റെ 35 വാഹനങ്ങൾ ഇത്തരത്തിൽ കാലാവധി കഴിഞ്ഞ് കിടക്കയിലാണ്. പതിനഞ്ച് വർഷം കാലാവധി കഴിഞ്ഞവയാണിവ. ഇനിയും ഇവ ലേലം ചെയ്ത് വിൽക്കാൻ മാത്രമേ സാധിക്കു. ഇങ്ങനെ നിരവധി വാഹനങ്ങളാണ് വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിൽ സ്ഥലം കൊല്ലിയാകുന്നത്.
ഇടമില്ലാതെ സിവിൽ സ്റ്രേഷൻ
അൻപതിലധികം സർക്കാർ സ്ഥാപനങ്ങളും കോടതിയും പ്രവർത്തിക്കുന്ന പത്തനംതിട്ട മിനിസിവിൽ സ്റ്റേഷൻ വളപ്പിൽ നെഞ്ചിടിപ്പ് നിലച്ച വാഹനങ്ങൾ കാണാം. റവന്യൂ, പൊതു വിതരണം, നഗരാസൂത്രണം, ജി.എസ്.ടി , തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളുടെ വാഹനങ്ങൾ ലേലത്തിൽ പോലും പോകാതെ ഇവിടെ വർഷങ്ങളായി കിടപ്പുണ്ട്. പുതിയ വാഹനങ്ങൾ എത്തിയപ്പോൾ ഉപേക്ഷിച്ച പഴയ വാഹനങ്ങളും കാലാവധി കഴിഞ്ഞവയുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
വാഹനം നിറഞ്ഞ് പൊലീസ് സ്റ്റേഷൻ വളപ്പ്
ഉപയോഗശൂന്യമായ ഔദ്യോഗിക വാഹനങ്ങൾ കൂടാതെ തൊണ്ടി മുതലായും അല്ലാതെയും പിടിക്കുന്ന വാഹനങ്ങളും പൊലീസ് സ്റ്റേഷൻ വളപ്പുകളിലുണ്ട്. നിയമകുരുക്കിലുള്ള വാഹനങ്ങൾ കോടതിയുടെ അനുമതിയില്ലാതെ ലേലത്തിൽ വിടാനോ പൊളിച്ച് നീക്കാനോ കഴിയില്ല. വർഷങ്ങളായി ഇങ്ങനെയുള്ള വാഹനങ്ങൾ സ്റ്റേഷൻ പരിസരത്ത് തുരുമ്പിക്കുകയാണ്.