ചെങ്ങന്നൂർ: നൂറ്റവൻപാറയിലെ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലുമഠത്തിൽ ജനാർദ്ദനന്റെ മകൾ പൂജ (19) യ്ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൂജയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. സുഹുത്തുക്കൾക്കൊപ്പം നൂറ്റവൻപാറ കാണുന്നതിനായി എത്തിയതാണ് യുവതി. വാട്ടർടാങ്കിന് മുകളിൽ നിന്ന് പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. യുവതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടി സമീപത്തെ വീട്ടിലെത്തി വിവരമറിയിച്ചു. ഇവിടെയുണ്ടായിരുന്ന കുടുംബശ്രീ പ്രവർത്തകർ ഓടിയെത്തി വിവരം മറ്റുള്ളവരെ അറിയിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവേലിക്കരയിൽ ലാബ് ടെക്നീഷ്യൻ വിദ്യാർത്ഥിയാണ് പൂജ .